പടിഞ്ഞാറേകല്ലട : കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട പഞ്ചായത്തിലെ കരുനാഗപ്പള്ളി - ശാസ്താംകോട്ട റൂട്ടിൽ അപകടകരമാം വിധം നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കുന്നത്തൂർ മോട്ടോർവാഹനവകുപ്പ് ജോയിന്റ് ആർ.ടി.ഒ ശരത് ചന്ദ്രൻ, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ അൻസാരി, എൻഫോഴ്സ്മെൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ എന്നിവർ പരാതി നൽകി.
പി.ഡബ്ല്യു.ഡി.റോഡ്സ് വിഭാഗം അസി. എക്സി. എൻജിനീയർ, പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് പരാതിനൽകിയത്.
ഏതാനും ദിവസം മുമ്പ് ശാസ്താംകോട്ട ഫിൽട്ടർ ഹൗസിന് മുമ്പിൽ കാറിന് മുകളിൽ മരം കടപുഴകി വീണതിനെ തുടർന്ന് വാഹനം ഭാഗീകമായി തകരുകയും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.
ഗതാഗതവും വൈദ്യുതിയും മണിക്കൂറുകളോളം സ്‌തംഭിക്കുകയും ചെയ്തിരുന്നു. ശാസ്താംകോട്ടയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് അവ പുന:സ്ഥാപിച്ചത്.