കൊല്ലം: കൊല്ലം തുറമുഖത്തിന്റെ വികസനം ഉറപ്പാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. തുറമുഖ വികസനത്തിന് തടസമായി നിൽക്കുന്നത് എമിഗ്രേഷൻ പ്ലാന്റ്, ക്വാറന്റെൻ സംവിധാനങ്ങളുടെ അഭാവമാണ്. നൂറുകണക്കിന് വിദേശകപ്പലുകളാണ് ചരക്ക് ഇറക്കാനും യാത്രക്കാരുടെ സേവനത്തിനും അറ്റകുറ്റപ്പണിക്കും കപ്പൽജീവനക്കാരുടെ മാറ്റത്തിനും കൊല്ലം തുറമുഖത്തെ ആശ്രയിക്കാൻ ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ചാനലിന് സമീപത്താണ് തുറമുഖം. കടൽക്ഷോഭ സമയത്തുപ്പോലും സുരക്ഷിതമായി കപ്പലുകൾ നങ്കൂരമിടുന്നതിന് ആനുയോജ്യമായ തുറമുഖമാണിത്. തുറമുഖത്തിന്റെ വികസനമില്ലായ്മ വാണിജ്യ വ്യവസായ സാദ്ധ്യതകളെ ദോഷകരമായി ബാധിക്കുന്നുവെന്നും തുറമുഖം വികസിപ്പിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.