sivaprasad

കുന്നത്തൂർ: വീട്ടുമുറ്റത്തെ അറുപത് അടി താഴ്ചയുള്ള കിണറ്റിൽ വീണ് യുവാവ് മരിച്ചു. കുന്നത്തൂർ നടുവിൽ പനച്ചവിള വീട്ടിൽ സദാശിവൻ നായർ - ശാന്തമ്മയമ്മ ദമ്പതികളുടെ മൂന്നാമത്തെ മകൻ ശിവപ്രസാദാണ് (42) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക്12 ഓടെയായിരുന്നു അപകടം. കേടായ മോട്ടോർ നന്നാക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. വിദേശത്തായിരുന്ന ശിവപ്രസാദ് നാട്ടിൽ മടങ്ങിയെത്തിയ ശേഷം കിണറുകളിൽ തൊടിപ്പണി ചെയ്തുവരികയായിരുന്നു. ഭാര്യ: അശ്വതി. മക്കൾ: ആവണി, അർഹിത. ശിവപ്രസാദിന്റെ രണ്ടാമത്തെ സഹോദരൻ രവീന്ദ്രൻ പിള്ള വർഷങ്ങൾക്ക് മുമ്പ് ഇതേ കിണറ്റിൽ വീണാണ് മരിച്ചത്. മറ്റൊരു സഹോദരനായ സുരേഷ് കുമാർ ഒരു മാസം മുമ്പ് രോഗബാധിതനായി മരിച്ചിരുന്നു.