കൊല്ലം: പള്ളിമുക്ക് മണക്കാട് പണിക്കർക്കുളം ക്രസന്റ് നഗറിലെ 30 കുടുംബങ്ങൾ രണ്ടാഴ്ചയായി കുടിവെള്ളമില്ലാതെ വലയുന്നു. ആകെയുള്ള ആശ്രയമായിരുന്ന വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണം മുടങ്ങിയതാണ് പ്രശ്നം.
ക്രസന്റ് നഗറിലെ ടാപ്പുകളിൽ ഒന്നിടവിട്ട ദിവസം എത്തിയിരുന്ന കുടിവെള്ളം പെട്ടന്നാണ് നിലച്ചത്. പ്രദേശവാസികൾ ആദ്യഘട്ടത്തിൽ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും പരിഗണിച്ചില്ല. വേനൽ കടുത്ത് പ്രതിഷേധം ശക്തമായതോടെ
അധികൃതർ ഉണർന്നു. തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം വെള്ളമെത്തുന്നുണ്ട്. ക്രസന്റ് നഗറിലെ കുടുംബങ്ങൾ മാത്രമാണ് ആകെ വലയുന്നത്. കഴിഞ്ഞദിവസം വാട്ടർ അതോറിട്ടിയിൽ നിന്നു ഉദ്യോഗസ്ഥരെത്തി ഇവിടേക്കുള്ള പൈപ്പ് ലൈനുകളെല്ലാം പരിശോധിച്ചെങ്കിലും തടസം കണ്ടെത്താനായില്ല.
ക്രസന്റ് നഗറിലേക്കുള്ള പൈപ്പ് ലൈൻ പ്രദേശത്തെ പി.ഡബ്ല്യു.ഡി റോഡ് മുറിച്ചുകടന്നാണ് എത്തുന്നത്. റോഡിനടിയിലെ പൈപ്പ് ലൈനിലാകാം തടസമെന്ന് കരുതുന്നു. ഇത് പരിശോധിക്കാൻ റോഡ് വെട്ടിമുറിക്കണം. ഇതിനായി വാട്ടർ അതോറിട്ടി ഇന്നലെ പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നൽകി. വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം മുടങ്ങിയ സാഹചര്യത്തിൽ നഗരസഭ ടാങ്കർ ലോറിയിൽ കഴിഞ്ഞദിവസം ഇവിടെ വെള്ളമെത്തിച്ചിരുന്നു. എന്നാൽ ഇവിടത്തെ പല റോഡുകളും ഇടുങ്ങിയതായതിനാൽ എല്ലാ വീടുകളിലും വെള്ളം ലഭ്യമായില്ല.
രണ്ട് ദിവസമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. റോഡിന് സമാന്തരമായുള്ള പൈപ്പ് ലൈനുകളെല്ലാം പരിശോധിച്ചു. റോഡ് മുറിച്ചു കടന്നുപോകുന്ന പൈപ്പ് ലൈനിലാകാം തടസമെന്ന നിഗമനത്തിലാണിപ്പോൾ. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് സാഹചര്യം മേയറെ ബോദ്ധ്യപ്പെടുത്തി മുൻകൂർ അനുമതി വാങ്ങി
നസീമ ഷിഹാബ് (നഗരസഭ കൗൺസിലർ)