ഓച്ചിറ: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സായാഹ്ന ഒ.പി താത്കാലികമായി നിർത്തിവച്ചു. ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ വൈകിട്ട് 6 വരെ ആയിരുന്നു സായാഹ്ന ഒ.പി. സാധാരണക്കാരന് ആശ്രയമായിരുന്ന സായഹ്ന ഒപി നിർത്തിയത് ജനങ്ങളെ വലച്ചിരിക്കുകയാണ്. നൂറുകണക്കിന് രോഗികളാണ് സായാഹ്ന ഒ.പിയിലെത്തി ചികിത്സ നേടിയിരുന്നത്. ഓച്ചിറ, കൃഷ്ണപുരം, വള്ളികുന്നം, തഴവ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ സഹായകമായിരുന്നു കാട്ടൂർ ആശുപത്രിയിലെ സായാഹ്ന സേവനം.
വാക്സിനെടുക്കുന്നതിനും കൊവിഡ് ടെസ്റ്റിനുമായി രാവിലെ ധാരാളം രോഗികൾ എത്തുന്നതിനാൽ കൊവിഡിൽ നിന്ന് രക്ഷനേടാൻ പലരും സായാഹ്ന സേവനത്തെയാണ് ആശ്രയിച്ചിരുന്നത്. ഇത് നിർത്തലാക്കിയതോടെ സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
അഞ്ച് ഡോക്ടർമാരിൽ 2 പേർ കൊവിഡ് പോസിറ്റീവ് ആയതും ഒരാളെ സി.എഫ്.എൽ.ടി.സി ഡ്യൂട്ടിക്ക് നിയോഗിച്ചതുമാണ് സായാഹ്ന ഒ.പി താത്കാലികമായി നിർത്തിവയ്ക്കാൻ കാരണം. ബാക്കിയുള്ള രണ്ട് പേരാണ് രാവിലെ ഒ.പി നിയന്ത്രിക്കുന്നത്. സ്റ്റാഫ് നഴ്സുമാരും ഫാർമസിസ്റ്റുകളും നഴ്സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെടെ ഭൂരിഭാഗം ജീവനക്കാരും കൊവിഡ് ബാധയെത്തുടർന്ന് അവധിയിലാണ്.
ഡി.സുനിൽകുമാർ
മെഡിക്കൽ ഓഫീസർ
ആവിശ്യത്തിന് താൽക്കാലിക ജീവനക്കാരെ നിയമിച്ച് സായാഹ്ന ഒ. പി സേവനം എത്രയും വേഗം പുനരാരംഭിക്കണം
മാളു സതീഷ്
ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗം