 
പുനലൂർ:ആര്യങ്കാവ് പഞ്ചായത്തിലെ പ്രിയ എസ്റ്റേറ്റിൽ പട്ടാപ്പകൽ കാട്ടാന കൂട്ടമിറങ്ങി വ്യാപക നാശം വിതച്ചതോടെ തോട്ടം തൊഴിലാളികൾ ഭീതിയിലായി. ഇന്നലെ പകലായിരുന്നു കാട്ടാനകൾ എസ്റ്റേറ്റിലിറങ്ങിയത്. എസ്റ്റേറ്റിലെ ദേവീ ക്ഷേത്രത്തിനും കൃഷികൾക്കും നാശം വരുത്തി. കുട്ടിയാനകൾ അടക്കമുളള കാട്ടാന കൂട്ടം ജനവാസമേഖലിൽ ഇറങ്ങിയതോടെ തൊഴിലാളികൾ ലയങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുകയാണ്.
പ്രിയ എസ്റ്റേറ്റ് റോഡിലൂടെയാണ് കാട്ടാന കൂട്ടം ചിന്നം വിളിച്ച് കൊണ്ട് നടന്ന് പോയത്. നാട്ടുകാർ സംഘടിച്ചെത്തി ബഹളം വച്ച് ആനകളെ കാട്ടിൽ കയറ്റി വിട്ടു. വനത്തിലെ ചെറുനദികളും നീരുറവകളുംവരണ്ടുണങ്ങിയതോടെയാണ് കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. ഇതോടെ ജോലിക്ക് പോകാൻ പോലും മടിക്കുകയാണ് തോട്ടം തൊഴിലാളികൾ.