pho

പുനലൂർ: ട്രെയിനിൽ പട്ടാപ്പകൽ കത്തികാട്ടി റെയിൽവേ വനിതാ സ്റ്റേഷൻ മാസ്റ്ററിൽ നിന്ന് 2 പവനും പണവും കവർന്ന സംഭവത്തിന് പിന്നിൽ തമിഴ്നാട് സ്വദേശിയെന്ന് സംശയം.

സംഭവം നടന്ന ഒറ്റക്കല്ലിനും ഇടമണിനും ഇടയിലുള്ള തുരങ്കത്തിന് സമീപത്ത് നിന്ന് പ്രതി രക്ഷപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

പ്രതിയെന്ന് സംശയിക്കുന്നയാൾ കൃത്യത്തിന് മുമ്പ് തെന്മല സ്റ്റേഷനിൽ വച്ച് ഒരുബോഗിയിൽ നിന്ന് മറ്റൊരു ബോഗിയിലേക്ക് കയറുന്നതായി കണ്ടവരുണ്ട്. സംഭവം നടന്ന സ്ഥലത്തിന് സമീപം മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചില നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. സംഭവം നടന്ന സമയത്തിന് പിന്നാലെ ഇവിടെ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തമിഴ്നാട് സ്വദേശിയോട് ഒരാൾ വഴി ചോദിച്ചതായി വിവരം ലഭിച്ചെന്ന് പുനലൂർ എസ്.ഐ സലിം പറഞ്ഞു. തമിഴിലാണ് വഴി ചോദിച്ചത്. ചെങ്കോട്ട ഭാഗത്ത് നിന്നാകാം പ്രതി ട്രെയിനിൽ കയറിയതെന്ന് കരുതുന്നു.

സംഭവം നടന്ന ടണലിലും തെന്മലയിലും ഇന്നലെ പൊലീസ് സംഘം പരിശോധന നടത്തി. ഈ സമയം സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത സംശയം തോന്നിയ യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. 30 വയസിന് മുകളിൽ പ്രായമുള്ള കറുത്ത യുവാവാണ് ആക്രമിച്ചതെന്നും ഇയാൾ കാവി കൈലി ധരിച്ചിരുന്നതായും ആക്രമണത്തിന് ഇരയായ പാമ്പൻകോവിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രശ്മി (28) റെയിൽവേ പൊലീസിന് മൊഴി നൽകിയിരുന്നു. റെയിൽവേ സി.ഐയുടെ നേതൃത്വത്തിൽ പുനലൂർ റെയിൽവേ എസ്.ഐ സലിം, കൊല്ലം റെയിൽവേ എസ്.ഐ എന്നിവരടങ്ങിയ പത്തംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.

'ജീവൻ നഷ്ടമാകാഞ്ഞത് ഭാഗ്യം"

ജീവൻ നഷ്ടമാകാഞ്ഞത് ഭാഗ്യമെന്ന് ആക്രമണത്തിന് ഇരയായ വനിത സ്റ്റേഷൻ മാസ്റ്റർ രശ്മി പറഞ്ഞു. തിങ്കളാഴ്ച ഉച്ച് 12.45 ഓടെ തെന്മലയ്ക്ക് സമീപത്തെ ട്രണലിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു അക്രമണം ഉണ്ടായത്.