
കൊല്ലം: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസർ സ്ഥാനത്ത് നിന്ന് ബി.ജി. ഹരീന്ദ്രനാഥിനെ നീക്കണമെന്ന ഹർജി കൊല്ലം അഡീഷണൽ മുൻസിഫ് കോടതി തള്ളി. വിനോദ്കുമാർ, മിഥുൻ സാഗർ എന്നിവർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻസിഫ് കോടതിയിൽ നടന്ന കേസിൽ റിട്ടേണിംഗ് ഓഫീസർ ഫയൽ ചെയ്ത ആക്ഷേപം ഔദ്യോഗിക പാനലിന് അനുകൂലമാണെന്നായിരുന്നു ഹർജിയിലെ ഒന്നാമത്തെ വാദം. ജില്ലാകോടതിയിൽ റിട്ടേണിംഗ് ഓഫീസർ നൽകിയ, കോടതിയുടെ അനുവാദമില്ലാതെ തിരഞ്ഞെടുപ്പ് നടത്തില്ലെന്ന സത്യവാങ്മൂലം ലംഘിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.
റിട്ടേണിംഗ് ഓഫീസർ ജില്ലാകോടതിയിൽ തിരഞ്ഞെടുപ്പ് നടത്തില്ലെന്ന സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് യോഗത്തിന് വേണ്ടി ഹാജരായ അഡ്വ. നിസാർ രേഖമൂലം വാദിച്ചു. ജില്ലാ കോടതിയിൽ നിലവിലിരിക്കുന്ന ഹർജി മറ്റൊരു കേസിലൂടെ ഉന്നയിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹർജി തള്ളിയത്.