a
പക്കി സുബൈർ മോഷ്ണം നടത്താൻ എത്തുന്നതിന്റെ സി.സി.റ്റി.വി ദൃശ്യം

മാവേലിക്കര: വീടുകൾ കുത്തി​ത്തുറന്നും ആരാധനാലയങ്ങളി​ലെ ഭണ്ഡാരങ്ങൾ തകർത്തും മോഷണം നടത്തി​ വന്ന കുപ്രസി​ദ്ധ മോഷ്ടാവ് ശൂരനാട് വടക്ക് കരിങ്ങേരി തെക്കും മുറി കുഴിവിള വടക്കേതിൽ വീട്ടിൽ സുബൈർ (49, പക്കി സുബൈർ) പി​ടി​യി​ലായി​. മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പക്കി സുബൈർ നടത്തുന്ന മോഷ്ണ മുതലുകൾ വിൽക്കാൻ സഹായിച്ചിരുന്ന ശൂരനാട് വലിയവിള വടക്കതിൽ കെ.ഷിറാജ് (41), പറക്കോട് റഫീഖ് മൻസിലിൽ മാലക് റഫീഖ് (39) എന്നിവരേയും പിടികൂടിയിട്ടുണ്ട്. നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയികളി​ലായി​ ഇയാൾ നൂറോളം മോഷണങ്ങൾ നടത്തി​യി​ട്ടുണ്ടന്ന് പൊലീസ് പറഞ്ഞു.

മോഷ്ടിച്ചു കിട്ടുന്ന പണംകൊണ്ട് ലോട്ടറി ധാരാളം എടുക്കുന്നയാളെന്ന് മനസി​ലാക്കി​ ലോട്ടറി കടകളിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്ഥിരമായി ലോട്ടറി എടുക്കാൻ വരാറുള്ള കടയി​ൽ നി​ന്നാണ് ഇയാൾ പി​ടി​യി​ലായത്.

മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്‌.എസ്, എസ്.ഐ മൊഹ്‌സീൻ മുഹമ്മദ്‌, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗ്ഗീസ്‌, രാജേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീക്, സി.പി.ഒ മാരായ അരുൺ ഭാസ്ക്കർ, ഗിരീഷ് ലാൽ വി.വി, ജവഹർ.എസ്, റിയാസ് എന്നിവർ ചേർന്ന് അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഭീകരൻ, എതി​ർത്താൽ ആക്രമി​ക്കും

മോഷണങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും ലഭിച്ച സി.സി.ടി​.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാവ് പക്കി സുബൈർ ആണെന്ന് തിരിച്ചറിഞ്ഞത്. 14ാം വയസിൽ കായംകുളത്ത് സൈക്കിൾ മോഷണം നടത്തിയതിനും മാടക്കട കുത്തിത്തുറന്ന് മോഷണം നടത്തിയതിനുമാണ് ആദ്യമായി ജയിലിലാകുന്നത്. തുടർന്നും മോഷണങ്ങൾ നടത്തി​ ജയി​ലി​ലായ ഇയാൾ 2004 കാലഘട്ടത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിൽ പരക്കെ മോഷണം നടത്തി. സംസ്ഥാനത്ത് മിക്കവാറും എല്ലാ ജയിലുകളിലും കഴിഞ്ഞിട്ടുള്ള ഇയാൾ ശൂരനാട്ടെത്തി മോഷണ പരമ്പര തന്നെ നടത്തിയി​ട്ടുണ്ട്.

കൈയ്യിൽ ആയുധവുമേന്തി അടിവസ്ത്രം മാത്രം ധരിച്ച് മോഷ്ടിക്കാൻ കയറുന്ന ഇയാൾ എതിർത്താൽ ആക്രമിക്കുകയും ചെയ്യും.