ഇന്ന് ലോക പയർവർഗ ദിനം
ഒരു വിളവെടുപ്പിൽ കിട്ടുന്നത് മുക്കാൽ ലക്ഷം
കൊല്ലം:എവിടെനിന്നോ ആരോ കൊണ്ടുവന്ന് പൂതക്കുളത്തിന്റെ സ്വന്തം ബ്രാൻഡ് ആയി മാറിയ 'കരിമണി'പയർ കൃഷിയിൽ കലക്കോട് തൊടിയിൽ ഗിരിജ (53) നൂറുമേനി കൊയ്യുന്നു. പാട്ടത്തിനെടുത്ത ഒന്നര ഏക്കർ വയലിൽ ഒരു കൃഷിയിൽ കിട്ടുന്നത് ശരാശരി 400 കിലോ പയറ്. ചെലവെല്ലാം കഴിഞ്ഞ് ഗിരിജയുടെ കൈയിലെത്തുന്നത് 75,000 രൂപ!.
കുറഞ്ഞ കാലം കൊണ്ട് കൂടുതൽ വിളവ്. ഉയർന്ന ഡിമാൻഡ്. നല്ല വില. രോഗപ്രതിരോധ ശേഷി. ഇതൊക്കെയാണ് കരിമണി പയറിന്റെ മികവ്. പഴുത്ത് ചെറിയ ചൂടു തട്ടുമ്പോഴേക്കും തോട് പൊട്ടുന്നതിനാൽ വിളവെടുപ്പും എളുപ്പം.
വയലിൽ രണ്ട് നെൽകൃഷിക്ക് ശേഷം മൂന്നാം ഇടവിളയായാണ് പയർ കൃഷി. വരൾച്ച തുടങ്ങുന്ന ജനുവരി, ഫെബുവരി മാസങ്ങളിൽ വിത്തിട്ടാൽ 30 ദിവസം കൊണ്ട് പൂവിടും. 45- 50 ദിവസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാം. രണ്ട് മാസം വരെ വിളവെടുക്കാം. ചെറിയ മഴ കിട്ടിയാൽ ചെടി വീണ്ടും തളിർത്ത് കായിടും. പത്തിരുപതു ദിവസം കൊണ്ട് അതിന്റെയും വിളവെടുക്കാം. മഴകൂടിയാൽ ചെടി അഴുകിപ്പോവും.
പൂതക്കുളത്തിന് പുറമേ, ചിറക്കര, പറവൂർ എന്നിവിടങ്ങളിലും 40 ഹെക്ടറോളം സ്ഥലത്ത് കരിമണി കൃഷിയുണ്ട്.
35 വർഷമായി കൃഷി ഉപജീവനമാക്കിയ ഗിരിജ കരിമണിക്ക് പുറമേ ഉഴുന്നും പച്ചക്കറിയും മണിപ്പൂരി, രക്തശാലി, ഞവര, മനുരത്ന, വസുമതി ഇനങ്ങളിലെ നെല്ലും കൃഷിയും ചെയ്യുന്നുണ്ട്.അഞ്ച് കറവപ്പശുക്കൾ ഉൾപ്പെടെ 11 പശുക്കളെയും ഗിരിജ വളർത്തുന്നു.
ഭർത്താവ് സുവർണൻ മക്കൾ. അഖിൽ, അതുൽ എന്നിവരും ഗിരിജയ്ക്ക് സഹായവുമായി ഒപ്പമുണ്ട്.
കരിമണിയുടെ പവർ
ഒരു ഹെക്ടറിൽ നിന്ന് 650 കിലോ
വില കിലോയ്ക്ക് 200 - 250 രൂപ
സാധാരണ പയറിന് 100 - 120 രൂപ
കാർഷിക സർവകലാശാലയുടെ കൃഷ്ണമണി പയർ തന്നെയാണോ കരിമണി പയറെന്ന് സംശയമുണ്ടായിരുന്നു. കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പഠനത്തിൽ രണ്ടും വ്യത്യസ്തമാണെന്ന് കണ്ടെത്തി. കരിമണി പൂതക്കുളത്തിന്റെ സ്വന്തമാണെന്ന് പറയാം.
ഡോ. പൂർണിമ യാദവ്, അസി. പ്രൊഫസർ
ക്യഷിവിജ്ഞാന കേന്ദ്രം, കൊല്ലം