water

ഓടനാവട്ടം: പണിപൂർത്തിയാകാത്ത ജപ്പാൻകുടിവെള്ളപദ്ധതി കാരണം

പള്ളിമുക്കിൽ കുടിവെള്ളം പാഴാകുന്നു. കൊട്ടാരക്കര ഓയൂർ റോഡിൽ പെട്രോൾ പമ്പിന് സമീപം ചെപ്ര -ഓടനാവട്ടം റോഡിന്റെ സംഗമ സ്ഥലത്താണ് ശുദ്ധജലം പാഴാകുന്നത്. റോഡ്‌ വെട്ടിപ്പൊളിച്ചാണ് ജലവിഭവ വകുപ്പ് പണി തുടങ്ങിയത്. എന്നാൽ,​ പദ്ധതി പൂർത്തിയാകാത്തതിനാൽ മിക്ക വീടുകളിലും കുടിവെള്ളമെത്തിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് കുടിവെള്ളം പാഴാകുന്നത്.

അപകടം വരുത്തി

മെറ്റൽ ബോക്സ്‌

നിരവധി വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ്സ്റ്റോപ്പ്‌ എന്നിവയെല്ലാം ചേർന്നതാണ് പള്ളിമുക്ക് ജംഗ്ഷൻ.

ധാരാളം വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന ഇടം കൂടിയാണിത്. ഇവിടെയാണ് അപകടകരമായ നിലയിൽ മെറ്റൽ ബോക്സ്‌ തലപൊക്കിനിൽക്കുന്നത്. ഇതിൽ തട്ടി അപകടങ്ങൾ സംഭവിക്കുന്നതും വാഹനങ്ങൾക്ക് കേടുപാട് വരുന്നതും പതിവാണ്. അത്രയ്ക്ക് സുരക്ഷയില്ലാതെയാണ് ബോക്സ്‌ സ്ഥാപിച്ചിരിക്കുന്നത്.

പൊതുമരാമത്ത്,​ ജല വിഭവവകുപ്പുകളുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്നും

മെറ്റൽ ബോക്സിന് സുരക്ഷാകവചം ഒരുക്കുന്നതിനും കുടിവെള്ളം പാഴാകുന്നത് തടയാനും റോഡ്‌ സഞ്ചാര യോഗ്യമാക്കാനും നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

രണ്ടുവർഷത്തോളമാകുന്നു ജപ്പാൻ കുടിവെള്ള പദ്ധതി തുടങ്ങിയിട്ട്. ഇനിയും പൂർത്തിയാകാത്ത പദ്ധതി കാരണം പള്ളിമുക്കിൽ അപകടം പതിവാണ്.

റോഡിന്റെ വെട്ടിമുറിച്ച ഭാഗം പി.ഡബ്ലിയു.ഡി ഇതുവരെയും നന്നാക്കിയിട്ടില്ല. വിദ്യാർത്ഥികൾ ഉൾപ്പടെ ധാരാളം കാൽനടക്കാർ ഉപയോഗിക്കുന്ന സ്ഥലം കൂടിയാണ്.

പി. സജീവ്,

പ്രസിഡന്റ്‌, വികാസ്,

ഓടനാവട്ടം.