
കൊല്ലം: സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമണിന്റെ (സാഫ്) നേതൃത്വത്തിൽ ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗ് എന്ന വിഷയത്തിൽ സൗജന്യ മൂന്നുമാസ ഓൺലൈനും 8 മാസ ഒഫ് ലൈൻ പരിശീലനവും നൽകുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലായിരിക്കും ഓൺലൈൻ പരിശീലനം. മാർക്കറ്റ് റിസർച്ച്, ഇ - മെയിൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ, ഗൂഗിൾ അനലിറ്റിക്‌സ്, ഗൂഗിൾ ആഡ് വേർഡ്‌സ്, ഓട്ടോമേഷൻ ടൂൾസ് എന്നിവയാണ് പാഠ്യവിഷയങ്ങൾ.
പരിശീലന കാലയളവിൽ പഠിതാക്കൾക്ക് സാങ്കേതിക സഹായവും ലഭ്യമാകും. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പുറമെ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള 28നും 35നുമിടയിൽ പ്രായമുള്ള ബിരുദധാരികളായ പെൺകുട്ടികൾക്കാണ്
പ്രവേശനം.
പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് നൽകുന്നതിന് പുറമെ സാഫിന്റെ യൂണിറ്റുകളിൽ ഓൺലൈൻ മാർക്കറ്റിംഗ് ആൻഡ് സെയിൽസിൽ സൗജന്യ ആറുമാസ പ്രായോഗിക പരിശീലനവും നൽകും.
നിശ്ചിത മാത്യകയിലുള്ള അപേക്ഷ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ജില്ലാ നോഡൽ ഓഫീസിൽ 21ന് മുമ്പ് അപേക്ഷ നൽകണം. നിശ്ചയ സമയപരിധിക്കകം ലഭിക്കുന്ന പൂർണമായ അപേക്ഷകൾ പരിശോധിച്ച് അനുയോജ്യരായവരെ അഭിമുഖത്തിനായി ക്ഷണിക്കും.
ഉദ്യോഗാർത്ഥികളുടെ തെരഞ്ഞെടുപ്പ്, യോഗ്യതയുടെയും അർഹതയുടെയും അടിസ്ഥാനത്തിലായിരിക്കും. അപേക്ഷഫാറം സാഫിന്റെ ജില്ലാ നോഡൽ ഓഫീസുകളിലും മത്സ്യഭവൻ ഓഫീസുകളിലും സാഫ് വെബ്സൈറ്റിലും (www.safkerala.org) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ നോഡൽ ഓഫീസ്, കൊല്ലം. ഫോൺ: 9633076431.