street
വിദേശ നിർമ്മിത സ്ട്രീറ്റ് സ്വീപ്പിംഗ് യന്ത്രം

കൊല്ലം: ശുചീകരണ തൊഴിലാളികളുടെ എണ്ണക്കുറവ് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നഗരസഭ 'സ്ട്രീറ്റ് സ്വീപ്പിംഗ് മെഷീൻ' വാങ്ങാനൊരുങ്ങുന്നു. സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുവക്കുകളും മറ്റ് പ്രധാന കേന്ദ്രങ്ങളും ശുചീകരിക്കാൻ യന്ത്രം വാങ്ങുന്നത്.

സഞ്ചരിക്കുന്ന വഴിയിലെ മാലിന്യങ്ങൾക്ക് പുറമേ മൺപൊടി ഉൾപ്പടെ വലിച്ചെടുക്കുന്ന തരത്തിലാണ് സ്ട്രീറ്റ് സ്വീപ്പിംഗ് യന്ത്രത്തിന്റെ പ്രവർത്തനം. വേഗത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ കമ്പനികൾ യന്ത്രത്തിന് വിലയിട്ടിരിക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയിൽ ഉൾപ്പടുത്തി മെഷീൻ വാങ്ങാൻ ശുചിത്വമിഷന്റെ നിർദ്ദേശമുണ്ടായിരുന്നു. ഇതുപ്രകാരം പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങും. നിലവിൽ കോഴിക്കോട് കോർപ്പറേഷനിലും തിരുവനന്തപുരം മെഡി. ആശുപത്രിയിലും ശുചീകരണത്തിന് സ്ട്രീറ്റ് സ്വീപ്പിംഗ് യന്ത്രം ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ യന്ത്രം വാങ്ങിയിരുന്നെങ്കിലും തകരാറിനെ തുടർന്ന് ഇപ്പോൾ ഉപയോഗിക്കുന്നില്ല. വിദേശരാജ്യങ്ങളിൽ വ്യാപകമായി സ്ട്രീറ്റ് സ്വീപ്പിംഗ് യന്ത്രം ഉപയോഗിക്കുന്നുണ്ട്.

 സ്ഥിരം തൊഴിലാളികൾ 198

കോർപ്പറേഷനിൽ നിലവിൽ 198 സ്ഥിരം ശുചീകരണ തൊഴിലാളികളുണ്ട്. 62 പേരെക്കൂടി താത്കാലികമായി നിയമിച്ചാണ് ഇപ്പോൾ ശുചീകരണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മഴക്കാലപൂർവ ശുചീകരണത്തിന് കൂടുതൽ തൊഴിലാളികളെ താത്കാലികമായി എടുക്കുമെങ്കിലും പിന്നീട് പിരിച്ചുവിടും. എന്നാൽ കണ്ണൂർ ഒഴികെ എല്ലാ കോർപ്പറേഷനുകളിലും കൊല്ലത്ത് ഉള്ളതിനേക്കാൾ തൊഴിലാളികളുണ്ട്. കൂടുതൽ സ്ഥിരം തൊഴിലാളികളുടെ തസ്തിക നഗരസഭ കാലങ്ങളായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുവദിച്ചിട്ടില്ല. യന്ത്രം വന്നാൽ ശുചീകരണ തൊഴിലാളികളുടെ കുറവ് മൂലമുള്ള പ്രശ്നം ഒരുപരിധി വരെ പരിഹിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ.

 ഓർമ്മയുണ്ടോ ആ യന്ത്രം!

ബീച്ച് 'അരിച്ചുപെറുക്കി' വൃത്തിയാക്കാൻ 35 ലക്ഷം മുടക്കി കൊണ്ടുവന്ന, ജർമ്മൻ സാങ്കേതിക വിദ്യയുള്ള 'സർഫ് റേക്ക്' നിലവിൽ ഷെഡിലാണ്. ചെറിയ ഈർപ്പമുള്ള മണ്ണിൽ സർഫ് റേക്ക് പുതയുന്നതായിരുന്നു പ്രശ്നം. യന്ത്രം വലിച്ചുകൊണ്ടുപോകാൻ എം. മുകേഷ് എം.എൽ.എ 7 ലക്ഷം മുടക്കി വാങ്ങി നൽകിയ ട്രാക്ടർ പ്രതിദിനം 30 ലിറ്റർ ഡീസൽ കുടിക്കുന്നതും വിനയായി. രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ വീതമാണ് നിലവിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നത്. ഒരോ രണ്ട് മണിക്കൂർ നേരവും ട്രാക്ടർ ഓടിക്കാൻ 15 ലിറ്റർ വീതം ഡീസൽ വേണ്ടി വരും. ഇങ്ങനെ യന്ത്രം ഉപയോഗിച്ച് ബീച്ച് ശുചീകരിക്കാൻ ഒരു ദിവസം ഡീസലിനായി 2500 രൂപ യോളം വേണ്ടി വന്നതോടെ ഇപ്പോൾ യന്ത്രവും കാണാനില്ല, എം.എൽ.എയുടെ ട്രാക്ടറും!