water-tank
മഞ്ഞമൺകാല കുടിവെള്ള പദ്ധതി

കുന്നിക്കോട് : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് മഞ്ഞമൺകാല കുടിവെള്ള പദ്ധതിയിൽ കുടിവെള്ളമെത്തി. വിളക്കുടി - മേലില - വെട്ടിക്കവല കുടിവെള്ള പദ്ധതിയെന്നും അറിയപ്പെടുന്ന ഈ കുടിവെള്ള പദ്ധതി പ്ലാന്റിന്റെ അന്തിമ പരിശോധനയും പൂർത്തിയാക്കി. കഴിഞ്ഞ ദിവസം കെ.ബി.ഗണേഷ് കുമാർ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്ലാന്റിൽ വെള്ളമെത്തിച്ച് ശുദ്ധീകരിച്ച് പ്രധാന ജലസംഭരണിയിൽ നിന്ന് ഗാർഹിക കണക്ഷനിലൂടെ വിതരണം ചെയ്തിരുന്നു.

വിളക്കുടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മഞ്ഞമൺകാല കുടിവെള്ള പദ്ധതിയിലൂടെ വിളക്കുടി, മേലില, വെട്ടിക്കവല എന്നീ ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. നബാർഡിന്റെ ധനസഹായത്തോടെ 24.15 കോടി രൂപ വിനയോഗിച്ച് 2015ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. അന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്ത പദ്ധതി 2017ൽ ട്രയൽ റൺ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

ആദ്യഘട്ട നിർമാണം പ്രതീക്ഷിച്ചതുപോലെ നടന്നെങ്കിലും, രണ്ടാംഘട്ട നിർമാണം വൈകി. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ പദ്ധതിയുടെ പ്രവർത്തനം പുനരാംരംഭിച്ചത്. മാർച്ചിൽ പദ്ധതിയുടെ ഔദ്യോഗിക സമർപ്പണം നടത്തുന്നതിന് മുന്നോടിയായിട്ടാണ് കഴിഞ്ഞ ദിവസം പമ്പിംഗും ജലശുദ്ധീകരണവും നടത്തി ജലവിതരണം നടത്തിയത്. ആഴ്ചകൾക് മുൻപ് ട്രയർ റൺ നടത്തിയപ്പോൾ കണ്ടെത്തിയ തകരാറുകൾ പരിഹരിച്ചാണ് ഇപ്പോൾ അന്തിമ പരിശോധന നടത്തിയത്.

നിലവിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ എലിക്കോട് പ്രദേശത്തെ കുറച്ച് ഭാഗത്തുമാത്രമാണ് കുടിവെള്ളമെത്തിച്ചത്. പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റ് സ്ഥലങ്ങളിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ജോലികൾക്ക് വൈകി ടെൻഡർ നടപടികൾ പൂർത്തിയായതിനാൽ ഇപ്പോൾ മഞ്ഞമൺകാല കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കുകയില്ല.

മഞ്ഞമൺകാല ജലശുദ്ധീകരണ പ്ലാന്റിന്റെ സ്വിച്ചോൺ കർമ്മവും എലിക്കോട്ട് ജലവിതരണത്തിന്റെ ഉദ്ഘാടനവും കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. നിർവഹിച്ചു. വിളക്കുടി, മേലില, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അദബിയ നാസറുദ്ദീൻ, താര സജികുമാർ, സജയകുമാർ, ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള, വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് ഉണ്ണിത്താൻ, അസി. എക്സി. എൻജിനീയർ സെലിൻ പീറ്റർ, മുൻ പ്രോജക്ട് ഓഫീസർ വിജയകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ലക്ഷം കുടുംബങ്ങൾക്ക്

കുടിവെള്ളം

പുനലൂർ കല്ലടയാറ്റിൽ നിന്ന് കൃഷ്ണൻകോവിലിനു സമീപത്തുള്ള കുണ്ടറ കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസിൽ നിന്നാണ് മഞ്ഞമൺകാല കുടിവെള്ള പദ്ധതിക്ക് വെള്ളമെത്തിക്കുന്നത്. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശമായ മഞ്ഞമൺകാലയിൽ നിർമിച്ചിട്ടുള്ള 10.3 ദശലക്ഷം ലിറ്റൽ സംഭരണശേഷിയുള്ള ടാങ്കിലാണ് വെള്ളമെത്തിക്കുന്നത്. കുന്നിക്കോട് പച്ചില മലയിലും, താന്നിത്തടം ജംഗ്ഷനിലുമായി മറ്റ് രണ്ട് ജലസംഭരണികൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമേ തലച്ചിറയിലും ചേത്തടിയിലുമുള്ള പഴയ ജലസംഭരണികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളം ഇവിടെ നിന്നാണ് വിളക്കുടി, മേലില, വെട്ടിക്കവല എന്നീ ഗ്രാമപഞ്ചായത്തുകളിൽ എത്തിക്കുന്നത്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.