venal

കൊല്ലം: വേനൽ കനക്കുന്നതിനാൽ ജലജന്യരോഗങ്ങളും സൂര്യാഘാതവും ഉണ്ടാകാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജലദൗർലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളം മലിനമാകാനുള്ള സാദ്ധ്യതയേറെയാണ്.

ചെമ്പുകളിലും വലിയ പാത്രങ്ങളിലും മൂടിവയ്ക്കാതെ വെള്ളം സംഭരിക്കുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമാകും. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയവയുണ്ടായേക്കാമെന്നതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.

ജലജന്യ, ഭക്ഷ്യജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ പടർന്നുപിടിക്കാനുള്ള സാദ്ധ്യതയുണ്ട്. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കുന്നതിലൂടെ നിർജ്ജലീകരണം ഒഴിവാക്കാനാകും. കൃത്രിമ പാനീയങ്ങൾ, കോളകൾ, മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. വേനൽക്കാല രോഗങ്ങളായ ചിക്കൻപോക്‌സ്, മുണ്ടിനീര്, ത്വക്ക് രോഗങ്ങൾ, അലർജി, വൈറൽപ്പനി എന്നിവ ഉണ്ടാകാതിരിക്കാൻ ശുചിത്വം പാലിക്കണം.

സൂര്യാഘാതമേൽക്കാതെ സൂക്ഷിക്കാം

1. ഓരോ മണിക്കൂർ ഇടവേളകളിൽ വെള്ളം കുടിക്കണം

2. ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ കുടിക്കാം

3. സൂര്യാഘാതം ഏ​റ്റാൽ ഉടനടി തണലുള്ള സ്ഥലത്തേക്ക് മാറുക

4. ഉഷ്ണം മാറിയില്ലെങ്കിൽ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി കൊണ്ട് തുടയ്ക്കുക

5. കട്ടി കുറഞ്ഞതും വെളുത്തതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക

6. വെയിലത്ത് ജോലി ചെയ്യേണ്ട സാഹചര്യങ്ങളിൽ ജോലി സമയം ക്രമീകരിക്കുക

7. ചൂടുള്ള സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, രോഗികൾ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങരുത്

8. യാത്രാവേളകളിൽ തൊപ്പി, സൺഗ്ലാസ്, കൈലേസുകൾ എന്നിവ കരുതണം

9. അസ്വസ്ഥത അനുഭവപ്പെട്ടാൽ പ്രഥമശുശ്രൂഷ നൽകിയഷേഷം വൈദ്യസഹായം തേടണം.

''

ജില്ലയിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ കേന്ദ്രങ്ങളിലും സി.എച്ച്.സി, പി.എച്ച്.സി സബ് സെന്ററുകളിലും ഒ.ആർ.എസ് സിങ്ക് കോർണറുകൾ സജ്ജീകരിക്കണം. കിണറുകൾ ക്ലോറിനേ​റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പഞ്ചായത്ത് തലത്തിൽ ആരംഭിക്കണം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറണം.

ഡോ. ബിന്ദു മോഹൻ,

ജില്ലാ മെഡിക്കൽ ഓഫീസർ