 
കരുനാഗപ്പള്ളി: ബൈക്കിന്റെ ചെയിനിനും സോക്കറ്റിനുമിടയിൽ തള്ള വീരൽ കുരുങ്ങിയതോടെ ഗൃഹനാഥൻ വേദന കടിച്ചമർത്തി ദേശീയപാതയിൽ കഴിഞ്ഞത് അരമണിക്കൂർ. തഴവ വട്ടപറമ്പ് തോപ്പിൽ ഹൗസിൽ നസീമിനാണ് (55) ഈ ദുരവസ്ഥയുണ്ടായത്.
ഇന്നലെ രാവിലെ 10.30 മണിയോടെ മകളെ കരുനാഗപ്പള്ളിയിൽ
ട്യൂഷന് കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോഴാണ് പള്ളിമുക്കിൽവച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ നസീം അപകടത്തിൽപ്പെട്ട മറ്റേ ബൈക്കിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഈ ബൈക്കിൽ ചെയിൻ കവർ ഇല്ലാഞ്ഞതിനാൽ നസീമിന്റെ തള്ളവിരൽ കറങ്ങിക്കൊണ്ടിരുന്ന ചെയിനിന്റെയും സോക്കറ്റിന്റെയും ഇടയിൽ അകപ്പെടുകയായിരുന്നു. ഇതിനിടെ ആഴത്തിലുള്ള മുറിവിൽ നിന്ന്
രക്തംവാർന്നു കൊണ്ടിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി കട്ടർ ഉപയോഗിച്ച് ചെയിൻ കട്ടുചെയ്തു മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന്, ഗ്യാസ് കട്ടർ ഉപയോഗിച്ച് ചെയിൻ കട്ട് ചെയ്തു നസീമിന്റെ വിരൽ പുറത്തെടുത്തു.തുടർന്ന് നസീമിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.