 
കൊല്ലം: ഉത്സവാഘോഷത്തിനിടെ തമ്മിൽ തല്ലുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്ത അഞ്ച് യുവാക്കളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ സ്വദേശികളായ എസ്.വി നഗർ കൈലാസത്ത് കിഴക്കതിൽ ശ്രീജിത്ത് (25), സൂര്യ നഗർ കാവുങ്കൽ കിഴക്കതിൽ വിഷ്ണു (23), ഗാന്ധി നഗർ ആനത്തറ കിഴക്കതിൽ അരുൺ (ചന്ദു, 25), സഹോദരങ്ങളായ അയത്തിൽ ഗാന്ധി നഗർ വയലിൽ പുത്തൻ വീട്ടിൽ അനീഷ് (34), രാജേഷ് (39) എന്നിവരാണ് അറസ്റ്റിലായത്.
7ന് വൈകിട്ടോടെ തെക്കേക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സുഹൃത്തായ അയത്തിൽ നളന്ദ നഗർ 219, ആശാന്റഴികത്ത് വീട്ടിൽ ആഷിക്കുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് രാത്രി 10.30 ഓടെ മുന്നണി കുളത്തിന് സമീപത്ത് സഹോദരങ്ങളായ യുവാക്കളും മറ്റുള്ളവരും തമ്മിൽ ആയുധങ്ങൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു.
ഇരുകൂട്ടരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുവ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. എ.സി.പി ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശാനുസരണം ഇരവിപുരം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ അരുൺഷാ, ജയേഷ്, പ്രകാശ്, എസ്.സി.പി.ഒ അനിൽ കുമാർ സി.പി.ഒ അമ്പു എന്നിവരാണ് സംഘത്തെ അറസ്റ്റ് ചെയ്‍തത്.