
കൊല്ലം: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഭിന്നശേഷിക്കാരിയായ റെയിൽവേ ഉദ്യോഗസ്ഥയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്.
സംസ്ഥാന പൊലീസിലെയും റെയിൽവേ സുരക്ഷാ സേനയിലെയും പത്തംഗ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ചെങ്കോട്ട, മധുര, തെങ്കാശി, പുനലൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സി.സി ടി.വി ദ്യശ്യങ്ങൾ ഇല്ലാത്തതും ദൃക് സാക്ഷികൾ ഇല്ലാത്തതും അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്.
പ്രതി തമിഴ്നാട്ടുകാരനാണെന്ന സൂചന മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. മോഷണത്തിന് ശേഷം ട്രെയിൻ മാർഗം പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ സ്ഥിരം കുറ്റവാളികളായവരുടെ ഫോട്ടോകൾ ശേഖരിച്ച് റെയിൽവേ ഉദ്യോഗസ്ഥയെ കാണിച്ച് പ്രതിയെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. റെയിൽവേ സംരക്ഷണ സേനയുടെ പുനലൂർ, കൊല്ലം, തിരുവനന്തപുരം സ്റ്റേഷൻ എസ്.ഐമാരായ എസ്. സലിം, രഞ്ജു, ഇത്തിഹാസ് താഹ എന്നിവർ അന്വേഷണ സംഘത്തിലുണ്ട്.