
ബഡ്ജറ്റിന് മുമ്പ് മന്ത്രിമാരുടെ സന്ദർശനം
കൊല്ലം: സംസ്ഥാന ബഡ്ജറ്റിന് മുന്നോടിയായി മന്ത്രിമാരായ കെ.എൻ. ബാലഗോപാലിന്റെയും ജെ. ചിഞ്ചുറാണിയുടെയും സന്ദർശനം കൊല്ലം പോർട്ടിന് പുതിയ സ്വപ്നങ്ങൾ സമ്മാനിക്കുന്നു.
മന്ത്രിമാരുമായുള്ള ചർച്ചയിൽ പോർട്ട് അധികൃതർ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ചിലതെങ്കിലും ബഡ്ജറ്റിൽ ഇടംപിടിച്ചേക്കും. പോർട്ടിൽ നിലവിലുള്ള പാസഞ്ചർ, കാർഗോ വാർഫുകളെ ബന്ധിപ്പിക്കൽ, ഫ്ലോട്ടിംഡ് ഡ്രൈഡോക്ക്, ആഴം വർദ്ധിപ്പിക്കൽ എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചത്.
വാർഫുകളെ ബന്ധിപ്പിക്കൽ
കൊല്ലം പോർട്ടിൽ നിലവിൽ 187 മീറ്റർ നീളമുള്ള കാർഗോ വാർഫും 101 മീറ്റർ നീളമുള്ള പാസഞ്ചർ വാർഫുകളുമുണ്ട്. രണ്ട് ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാക്കിയ ഇവ തമ്മിൽ നിലവിൽ അകലമുണ്ട്. അതുകൊണ്ട് തന്നെ വലിയ കപ്പലുകൾ അടുപ്പിക്കാനാവില്ല. ഇവ തമ്മിൽ ബന്ധിപ്പിച്ചാൽ വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനൊപ്പം നിലവിലെ കാർഗോ വാർഫ് സ്റ്റോക്ക് യാർഡായി ഉപയോഗിക്കാനും കഴിയും.
ഫ്ലോട്ടിംഗ് ഡ്രൈഡോക്ക്
ജലത്തിൽ വച്ച് ചെറിയ കപ്പലുകളുടെയും ബോട്ടുകളുടെയും അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനമാണ് ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്. ഡ്രൈഡോക്കിന്റെ വലിയൊരുഭാഗം വെള്ളത്തിൽ മുങ്ങിക്കിടക്കും. ഇതുവഴി അറ്രകുറ്റപ്പണി നടത്തേണ്ട യാനങ്ങൾ ഉള്ളിൽ കയറ്റാം. വാതിൽ അടയ്ക്കുമ്പോൾ വാഹനം സഹിതം ഡ്രൈഡോക്ക് ജലനിരപ്പിന് മുകളിലേക്ക് വരും. ഈ സംവിധാനം സജ്ജമാക്കാൻ ഏകദേശം 130 കോടി ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
ആഴം വർദ്ധിപ്പിക്കൽ
കൊല്ലം പോർട്ടിന് നിലവിൽ 7.2 മീറ്റർ ആഴമുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അഞ്ച് മീറ്ററേയുള്ളവെന്ന് ഷിപ്പിംഗ് ഏജൻസികൾ പറയുന്നു. അതുകൊണ്ട് തന്നെ കൂടുതൽ ഭാരമുള്ള കപ്പലുകൾ അടുപ്പിക്കാനാകില്ല. 12 മീറ്ററായി ആഴം വർദ്ധിപ്പിക്കാൻ കിറ്റ്കോ സാദ്ധ്യതാ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. 107 കോടി രൂപയാണ് ചെലവ്. ആഴം വർദ്ധിപ്പിച്ചാൽ വലിയ കപ്പലുകൾ അടുപ്പിക്കാം.
""
എമിഗ്രേഷൻ പോയിന്റ് ഓഫീസിനായുള്ള കെട്ടിട നിർമ്മാണം പൂർത്തിയായാലുടൻ പോയിന്റ് അനുവദിക്കുന്നതിനുള്ള ഇടപെടൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് നടത്തും.
കെ.എൻ. ബാലഗോപാൽ, ധന മന്ത്രി