പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ പുറമ്പോക്കിൽ വർഷങ്ങളായി താമസിച്ചു വരുന്നർക്ക് റെയിൽവേ അധികൃതർ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി. പാതയോരത്ത് താമസിക്കുന്ന പത്ത് കുടുംബങ്ങൾക്കാണ് റെയിൽവേ മധുര ഡിവിഷനിലെ ഉദ്യോഗസ്ഥർ പൊലീസ് സംരക്ഷണയിൽ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്. രാജഭാരണ കാലത്ത് വനം വകുപ്പ് റെയിൽവേയ്ക്ക് നൽകിയ ഭൂമിയിലാണ് ട്രാക്ക് പണിതത്. റെയിൽവേയുടെ ആവശ്യം കഴിഞ്ഞ ഭൂമി രാജാവിന് വിട്ടു നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അതുണ്ടായില്ല. റവന്യുവകുപ്പിൻെറ ബി.ടി.ആർ രേഖകളിൽ ഈ ഭൂമി ഇപ്പോഴും വനമായിട്ടാണ് രേഖപ്പെടുത്തിയിട്ടുളളത്. ഈ ഭൂമിയിയിലെ പത്ത് പേർക്കാണ് റെയിൽവേ ഇന്നലെ കുടി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിർത്തി വയ്ക്കണമെന്ന് പി.എസ്.സുപാൽ എം.എൽ.എ ഇന്നലെ റവന്യൂ മന്ത്രി കെ.രാജനും റെയിൽവേയുടെ ചുമതലയുളള മന്ത്രി വി.അബ്ദൽ റഹ്മാനും നിവേദനം നൽകി. തുടർന്ന് റവന്യൂ മന്ത്രി കൊല്ലം ജില്ലാ കളക്ടറെ വിളിച്ച് കുടി ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നത് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇത് കണക്കിലെടുത്ത് 15ന് രാവിലെ 11ന് റവന്യു,റെയിൽവേ,ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം റവന്യൂ മന്ത്രിയുടെ ചേംബറിൽ ചേരാൻ തീരുമാനിച്ചു.