
പുനലൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിൽ പ്രകോപിതനായി വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പുനലൂർ മുലസാവരിക്കുന്ന് കാഞ്ഞിരമല പുത്തൻ വീട്ടിൽ ഷാനവാസ് (അലുവാ ഷാജി-37) പിടിയിൽ. കഴിഞ്ഞ ഡിസംബർ 24നാണ് മഞ്ഞമൺകാല സ്വദേശിയായ താജുദ്ദീൻെറ വീട്ടിലെത്തിയ ഇയാൾ പണം ആവശ്യപ്പെട്ടത്. നൽകാതിരുന്നപ്പോൾ വെട്ടി പരിക്കേൽപ്പിക്കുകയും, തടസം പിടിക്കാനെത്തിയ ഭാര്യയെ തടിക്കഷ്ണം ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ ടീമിലെ എസ്.ഐമാരായ ഹാരീഷ്, കൃഷ്ണകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ 25 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.