
കൊല്ലം: ജില്ലയിലെ പട്ടിവർഗ വിഭാഗത്തിൽപ്പെട്ട കുഞ്ഞുങ്ങളുടെ ആരോഗ്യനിലവാരവും വളർച്ചയും വയനാട് പോലെയുള്ള ജില്ലകളേക്കാൾ വളരെ മുന്നിലാണെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സും കൊല്ലം നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി പട്ടികവർഗ്ഗ മേഖലയായ കുളത്തൂപ്പുഴ ആദിവാസി കോളനി കേന്ദ്രീകരിച്ച് 6 വയസിൽ താഴെയുളള കുട്ടികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
75 കുട്ടികളിലാണ് പ്രാഥമിക പഠനം നടത്തിയത്. ഇതിൽ 44 പേരും ആൺകുട്ടികളായിരുന്നു. പഠനത്തിന് വിധേയരായവരിൽ 51 ശതമാനം പേരിലും വിളർച്ച കണ്ടെത്തി. വയനാട്ടിൽ 95.07 ശതമാനം കുട്ടികളിലും വിളർച്ചയുണ്ട്. 17.03 ശതമാനം കുട്ടികൾക്ക് മാത്രമാണ് ഭാരക്കുറവ്. വയനാട്ടിൽ ഇത് 39 ശതമാനം വരും. പോഷകാഹാര കുറവു മൂലമുളള ശാരീരിക വളർച്ചയില്ലായ്മ 30. 07 ശതമാനത്തിൽ കണ്ടെത്തി. വയനാട്ടിൽ 38 ശതമാനമാണിത്. ബുദ്ധിവികാസത്തിലും ജില്ലയിലെ പട്ടിക വർഗ്ഗ കുട്ടികൾ മികച്ചു നിൽക്കുന്നു.
തദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പദ്ധതികളാണ് ഉയർന്ന ജീവിത നിലവാരത്തിന് കാരണമെന്ന് പഠനം പറയുന്നു. ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗ മേഖലയിൽ നടപ്പാക്കുന്ന പോഷകാഹാര വിതരണ പദ്ധതി ഗുണകരമാണ്. ട്രൈബൽ മേഖലയിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമാണ് പോഷകാഹാരം നൽകുന്നത്. ഗർഭാവസ്ഥ മുതൽ കുഞ്ഞിന് ഒരു വയസാകുന്നത് വരെ പദ്ധതി തുടരുന്നത് അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിന് സഹായകരമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ജില്ലാ അദ്ധ്യക്ഷൻ ഡോ. മനോജ് മണി, ഡോ.ദേവ് കിരൺ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേലിന് കൈമാറി. പഠനസംഘത്തിലുണ്ടായിരുന്ന ഡോ. അനു ജയപ്രകാശ്, ഡോ. എസ്. ശങ്കർ, ഡോ. എസ്. അനൂപ് എന്നിവരും പങ്കെടുത്തു
ജില്ലയിലെ മുഴുവൻ പട്ടികവർഗ്ഗ മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലവും സമഗ്രവുമായ പഠനം ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സിന്റെ സഹകരണത്തോടെ ജില്ലാപഞ്ചായത്ത് ഈ വർഷം നടപ്പാക്കും
അഡ്വ. സാം കെ.ഡാനിയൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്