
കൊല്ലം: ശാസ്താംകോട്ട സിനിമാപ്പറമ്പ്- പുത്തൂർ റോഡിൽ ഇടിഞ്ഞകുഴിക്ക് സമീപം പുതുതായി അനുവദിച്ച പെട്രോൾ പമ്പിന്റെ നിർമ്മാണം തടസപ്പെടുത്താൻ ഗൂഢനീക്കം. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന് പമ്പുടമ വഴങ്ങാത്തതിനാൽ സമീപത്തെ കുടിവെള്ള പദ്ധതിയുടെയും മണ്ണെടുപ്പിനുള്ള അനുമതിയുടെയും പേരിൽ വ്യാപകമായി കുപ്രചാരണം നടത്തുകയാണ്.
രണ്ടു വർഷം മുൻപാണ് അടൂർ സ്വദേശിയായ എൻജിനീയറിംഗ് ബിരുദധാരി നിഖിലിന് പമ്പിനുള്ള അനുമതി ലഭിച്ചത്. അന്നു മുതൽ ഒരുസംഘമാളുകൾ ഇത് തടയാനുള്ള ശ്രമത്തിലാണന്ന് നിഖിൽ ആരോപിക്കുന്നു. പമ്പ് നിർമ്മാണത്തിനായി വൻതോതിൽ മണ്ണ് നീക്കം ചെയ്യേണ്ടിവരുമെന്ന് പറഞ്ഞ് റവന്യു ഉദ്യോഗസ്ഥർക്ക് ചിലർ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എ.ഡി.എം പമ്പിനുള്ള എൻ.ഒ.സി നിഷേധിച്ചു. എന്നാൽ ഹൈക്കോടതി ഡെവലപ്പ്മെന്റ് പെർമിറ്റ് വാങ്ങി മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് 25 മീറ്റർ വീതം വീതിയിലും നീളത്തിലും മണ്ണ് നീക്കാൻ അനുവദിച്ചു. നീക്കുന്ന മണ്ണ് ഇതേ പുരയിടത്തിൽ തന്നെ മറ്റൊരിടത്ത് നിക്ഷേപിക്കുന്നുണ്ട്. എന്നാൽ മണ്ണ് കടത്തുന്നുവെന്നാണ് കുപ്രചാരണം.
മണ്ണ് നീക്കുന്നത് സമീപത്തെ കുടിവെള്ള പദ്ധതിയെ ബാധിക്കുമെന്നും പ്രചാരണമുണ്ട്. പമ്പിന് അനുമതി ലഭിച്ച ഭൂമിയിൽ നിന്നു 300 മീറ്റർ അകലെയാണ് കുടിവെള്ള പദ്ധതി. ഇവിടത്തെ ജലലഭ്യതയേയും ജലവിതരണത്തെയും മണ്ണ് നീക്കുന്നത് ഒരുതരത്തിലും ബാധിക്കില്ലെന്നതാണ് വസ്തുത. തൊട്ടടുത്തുള്ള പഞ്ചായത്ത് വക ഭൂമിയിലെ മണ്ണ് കൂടി കടത്തുന്നുവെന്നും അരോപണമുണ്ട്. എന്നാൽ പമ്പിന് സമീപത്തെങ്ങും പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഒരുതുണ്ട് ഭൂമി പോലുമില്ല. പമ്പ് നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെ തന്നോട് ഒരു സംഘം വൻതുക സംഭാവന ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകാതിരുന്നതിന്റെ പേരിലാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും നിഖിൽ ആരോപിക്കുന്നു.