ചടയമംഗലം: ചടയമംഗലത്ത് ടേക് എ ബ്രേക്ക് സമുച്ചയ നിർമ്മാണം തുടങ്ങി. കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്ന് ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് അനുവദിച്ച 24.5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. പൊതുവിശ്രമ കേന്ദ്രം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക വിശ്രമസ്ഥലം, മൂത്രപ്പുര, കക്കൂസ് എന്നിവയാണ് ഇതിൽ ഒരുക്കുക. ലഘുഭക്ഷണ ശാല, ടി.വി അടക്കമുള്ള വിനോദ സംവിധാനങ്ങൾ തുടങ്ങി അനുബന്ധ സൗകര്യങ്ങളും ഇതിനൊപ്പം സജ്ജമാക്കും. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനൊരിടം എന്ന നിലയിലാണ് പ്രധാനമായും പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. ബസ് സ്റ്റാൻഡിലെത്തുന്നവർക്കടക്കം ഇവിടം ഉപയോഗിക്കാൻ കഴിയും. സി.സി കാമറ സ്ഥാപിച്ച് കൂടുതൽ സുരക്ഷിത ഇടമാക്കാനും പദ്ധതിയുണ്ട്.