ജലമാർഗം കൊണ്ടുവരാൻ തടസമായി ഒരു പാലം
കൊല്ലം: സീ അഷ്ടമുടി ബോട്ട് ആലപ്പുഴയിൽ നിന്ന് കൊല്ലത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ അനന്തമായി നീളുന്നു. മുകൾത്തട്ടുള്ള (അപ്പർ ഡെക്ക്) ബോട്ട് ജലപാതയിലൂടെ കൊണ്ടുവരാൻ തടസങ്ങൾ ഉള്ളതിനാൽ, ഈ ഭാഗം മാത്രം റോഡ് മാർഗം കൊണ്ടുവരാനായിരുന്നു ആലോചന. ബോട്ട് നിർമ്മിച്ച സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) ഇതിനുള്ള ടെണ്ടർ നടപടികൾ ഊർജ്ജിതമാക്കുന്നില്ലെന്നാണ് ആരോപണം.
നിലവിൽ ആലപ്പുഴയിലെ യാർഡിലാണ് ബോട്ട്. അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനായി ജലഗതാഗത വകുപ്പാണ് ഇരുനില ടൂറിസ്റ്റ് ബോട്ടായ 'സീ അഷ്ടമുടി' നിർമ്മിച്ചത്. നാല് വർഷം മുൻപാണ് സിൽക്ക് ബോട്ടിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. കൊവിഡ് വന്നതോടെ വിവിധ സ്ഥലങ്ങളിലെ യാർഡിലുകളിലെത്തിച്ചുള്ള നിർമ്മാണ പ്രവർത്തനം മുടങ്ങി. രണ്ട് മാസം മുൻപ് നിർമ്മാണം പൂർത്തിയായെങ്കിലും കൊല്ലത്ത് എത്തിക്കാനുള്ള നടപടി ഇഴയുകയാണ്. ബോട്ടിന് അഞ്ച് മീറ്റർ ഉയരുമുണ്ട്. കൊല്ലത്തേക്ക് കൊണ്ടുവരുന്ന ജലമാർഗ്ഗത്തിലെ ഒരു പാലത്തിന് നാല് മീറ്റർ ഉയരമേയുള്ളു. അതുകൊണ്ടാണ് ഫൈബർ കൊണ്ട് നിർമ്മിച്ച, 20 മീറ്ററോളം നീളമുള്ള അപ്പർഡെക്ക് കരമാർഗ്ഗം കൊണ്ടുവരാൻ ആലോചിച്ചത്. കൊല്ലത്ത് എത്തിച്ചുകഴിഞ്ഞാൽ ഒരാഴ്ച കൊണ്ട് അപ്പർഡെക്ക് ഘടിപ്പിക്കാനാകും. ഏപ്രിൽ ആദ്യം സർവീസ് ആരംഭിക്കാനാണ് ജലഗതാഗത വകുപ്പിന്റെ ഇപ്പോഴത്തെ ലക്ഷ്യം.
# സുരക്ഷാ പരിശോധന
അപ്പർഡെക്ക് ഘടിപ്പിച്ച ശേഷം തുറമുഖ വകുപ്പും ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗും സംയുക്തമായി ദൃഢത സംബന്ധിച്ച പരിശോധന നടത്തും.
# പെയിന്റിംഗുകളും തടിശില്പങ്ങളും
പെയിന്റിംഗുകളും തടിശില്പങ്ങളും കൊണ്ട് മനോഹരമാണ് ബോട്ടിന്റെ ഉൾഭാഗം. രണ്ട് നിലകളിലും ഓരോ ബയോ ടൊയ്ലെറ്റുകളുണ്ട്. അഷ്ടമുടി കായലിന്റെ തീരത്തുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്.
..........................
2 നിലകൾ
90 ഇരിപ്പിടങ്ങൾ
50 എണ്ണം ആദ്യനിലയിൽ (സാധാരണ യാത്രക്കാർക്ക്)
40 എണ്ണം മുകൾ തട്ടിൽ (ടൂറിസ്റ്രുകൾക്ക്)
നിർമ്മാണ ചെലവ് ഒരു കോടി