
താങ്ങുവില കിലോയ്ക്ക് 105.90 രൂപ
കൊല്ലം: വിലത്തകർച്ചയിൽ നിന്ന് നാളികേരത്തെ സംരക്ഷിക്കാൻ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിരീക്ഷണ സമിതികൾ രൂപീകരിച്ചു. ജില്ലാതല സമിതിയിൽ കളക്ടർ ചെയർമാനും പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറുമാണ്. സഹകരണ ജോയിന്റ് രജിസ്ട്രാർ, നാഫെഡ്, കേരഫെഡ്, മാർക്കറ്റ് ഫെഡ് പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമിതി.
ജില്ലാതല സമിതിയുടെ അനുമതിയോടെ കേരഫെഡും മാർക്കറ്റ് ഫെഡും കൊപ്ര സംഭരണ, സംസ്കരണ സംഘങ്ങളെ തിരഞ്ഞെടുക്കണം. തേങ്ങാ സംഭരണ, സംസ്കരണ മികവ് വിലയിരുത്തിയായിരിക്കണം തിരഞ്ഞെടുപ്പ്. കിലോയ്ക്ക് സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 105.90 രൂപ കർഷകന് ലഭിക്കും. നാഫെഡിന്റെ ഇ-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ താങ്ങുവിലയുടെ പ്രയോജനം ലഭിക്കൂ. പച്ചത്തേങ്ങ കൊപ്രയാക്കാൻ സൗകര്യമില്ലാത്ത കർഷകരിൽ നിന്ന് പ്രാദേശിക സഹകരണ സംഘങ്ങൾ തൊണ്ടു കളഞ്ഞ പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി സംഭരണ ഏജൻസികൾക്ക് നൽകണം. പച്ചത്തേങ്ങ എത്തിക്കുമ്പോൾ കർഷകർക്ക് രസീത് നൽകണം. സംഘങ്ങൾ സംഭരിക്കുന്ന കൊപ്ര അതത് സംഘങ്ങളുടെ പ്രവർത്തന പരിധിയിൽപ്പെടുന്ന കർഷകന്റേതാണെന്ന് ഉറപ്പു വരുത്താൻ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. കൊപ്ര സംഭരിക്കുന്ന സംഘങ്ങൾക്ക് കൊപ്ര വിലയ്ക്ക് പുറമേ നാഫെഡ് അനുവദിക്കുന്ന മറ്റ് തുകയും ലഭിക്കുമന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
# സ്വകാര്യ ഏജൻസികൾ വേണ്ട
സഭരിക്കുന്ന പച്ചത്തേങ്ങ 7 ദിവസത്തിനകം കൊപ്രയാക്കണം.
സംഭരണത്തിനും ഉണക്കാനുമുള്ള സൗകര്യങ്ങൾ സംഘങ്ങളിൽ ഉണ്ടാവണം
ഇല്ലെങ്കിൽ ഇവ ഒരുക്കാൻ സഹകരണ വകുപ്പിൽ നിന്ന് അനുമതി വാങ്ങണം
സംഭരണത്തിന് സ്വകാര്യ ഏജൻസികളെ നിയോഗിക്കരുത്
സംഭരണ തീയതിക്ക് മുൻപുള്ള സ്റ്റോക്കിന് പുതിയ താങ്ങുവില ലഭിക്കില്ല