പുനലൂർ: പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രഭാത ഭക്ഷണം മുടങ്ങുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അദ്ധ്യാപകരും. കഴിഞ്ഞ വർഷം പ്രഭാത ഭക്ഷണ വിതരണത്തെ സംബന്ധിച്ച് കോ-ഓഡിനേഷൻ കമ്മിറ്റി നടത്തിയ ഓഡിറ്റിംഗിൽ ഒബ്ജക്ഷൻ രേഖപ്പെടുത്തിയതോടെയാണ് എയ്ഡഡ് മേഖലകളിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകി വന്ന പ്രഭാത ഭക്ഷണം നിറുത്തലാക്കാൻ കാരണം. 14ന് പ്രൈമറി തലം മുതലുള്ള സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച മുതൽ എയ്ഡഡ് മേഖലകളിലെ എൽ.പി, യു.പി സ്കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.

ദോശ, അപ്പം,പുട്ട്, കലടക്കറി, പഴം

ദോശ, അപ്പം,പുട്ട്, കലടക്കറി, പഴം തുടങ്ങിയ വിവിധയിനത്തിലുള്ള പ്രഭാത ഭക്ഷണങ്ങളാണ് കഴിഞ്ഞ വർഷം ഗവ.സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പഞ്ചായത്തുകൾ സൗജന്യമായി നൽകിയത്. എന്നാൽ ഇപ്പോൾ എയ്ഡഡ് മേഖലയിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രഭാത ഭക്ഷണ വിതരണമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. പ്രഭാത ഭക്ഷണ വിതരണത്തിന് ഒരു കുട്ടിക്ക് 15 രൂപയോളം ഗ്രാമ പഞ്ചായത്തുകൾ അനുവദിച്ചിരുന്നു. ഇതാണ് തിങ്കളാഴ്ച മുതൽ മുടങ്ങുന്നത്.

സർക്കാർ സ്കൂളുകളിൽ മുടങ്ങില്ല

സർക്കാർ മേഖലയിലുള്ള പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്പ്രഭാത ഭക്ഷണ വിതരണം തടസമില്ലാതെ തുടരും. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് പ്രഭാത ഭക്ഷണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും കോ- ഓഡിനേഷൻ കമ്മിറ്റിയുടെ അനുവാദം ലഭിച്ചാൽ പ്രഭാത ഭക്ഷണ വിതരണം വീണ്ടും ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

എയ്ഡഡ് മേഖലയിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രഭാത ഭക്ഷണം വിതരണം തുടരാൻ അനുമതി നേടാൻ തെന്മല ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഇത് കണക്കിലെടുത്ത് കോ-ഓഡിനേഷൻ കമ്മിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ പ്രഭാത ഭക്ഷണ വിതരണം പുനരാരംഭിക്കും.

അനീഷ് ,തെന്മല പഞ്ചായത്ത് തല വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ