കൊല്ലം: ഉപയോഗശൂന്യമായ പ്ളാസ്റ്റിക് കുപ്പികളും തുരുമ്പിച്ച കമ്പികളുമൊക്കെ ശില്പങ്ങളായി. പാഴ് വസ്തുക്കൾകൊണ്ട് കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്ന 30 ശില്പങ്ങളൊരുക്കിയാണ് കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിന്റെ മ്യൂസിയം വ്യത്യസ്തമായത്. സഞ്ജീവനി പാർക്ക് എന്ന ഈ മാലിന്യസംസ്കരണ മ്യൂസിയം നാളെ നാടിന് സമർപ്പിക്കും. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് തുടങ്ങിയിരുന്നു. ആ മാലിന്യം എങ്ങിനെ സംസ്കരിക്കുമെന്ന ചിന്തയിൽ നിന്ന് ശില്പങ്ങളുണ്ടാക്കാമെന്ന തീരുമാനത്തിലേക്ക് ഭരണസമിതി എത്തുകയായിരുന്നു. പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിനും മ്യൂസിയത്തിനുമായി 14 ലക്ഷം രൂപ അനുവദിച്ച് 2500 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടം നിർമ്മിച്ചു. 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ചാണ് പാഴ് വസ്തുക്കളിൽ നിന്ന് കലാമൂല്യവും മൂല്യവർദ്ധിതവുമായ ഉത്പന്നങ്ങൾ തയ്യാറാക്കാൻ തീരുമാനിച്ചത്. ബ്ളോക്ക് പഞ്ചായത്തിന്റെ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരൻമാരാണ് ഇവ പൂർത്തിയാക്കിയത്.

കാണാം മാതൃകയാക്കാം

ദിനോസർ, ആന, ആമ തുടങ്ങി മുപ്പതിൽപ്പരം ശില്പങ്ങളുണ്ട്. പ്ളാസ്റ്റിക്ക് കുപ്പികൾ, മറ്റ് ഉത്പന്നങ്ങൾ, വാഹനങ്ങളുടെ എൻജിൻ പാട്സുകൾ, ട്യൂബ്, ടയർ, കുപ്പികൾ തുടങ്ങി മിക്ക പാഴ് വസ്തുക്കളും ചേർത്തായിരുന്നു നിർമ്മാണം. ചിത്രമെഴുത്തുകളുമുണ്ട്. ജംഗ് ആർട്ട് ശൈലിയാണ് ഇവിടെ പ്രയോഗിച്ചത്. ഗാർഹിക മാലന്യ സംസ്കരണ മോഡലുകൾ, ബയോ ഗ്യാസ് മോഡലുകൾ, പച്ചപ്പ് വിരിക്കുന്ന വൃക്ഷങ്ങൾ എന്നിവയൊക്കെ കൂട്ടത്തിൽ തയ്യാറാക്കിയിട്ടുണ്ട്. 600 ചതുരശ്ര അടി വിസ്തീർണമുണ്ട് മ്യൂസിയത്തിന്. പ്രവേശനം സൗജന്യം.

ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ

സഞ്ജീവനി പാർക്കിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി വജ്രജൂബിലി ഫെലോഷിപ് കലാകാരൻമാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഹരിതകർമ്മ സേന അംഗങ്ങളെ ആദരിക്കും. അഡിഷണൽ ഡവലപ്മെന്റ് കമ്മിഷണർ വി.എസ്.സന്തോഷ് കുമാർ, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.അജയ് രാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.സത്യഭാമ, പി.എസ്.പ്രശോഭ, ജെസി റോയി, ആർ.ബിനോജ്, രതീഷ് കിളിത്തട്ടിൽ, ജോ.ബി.ഡി.ഒ ബിനു.വി.നായർ, ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിക്കും.