പടിഞ്ഞാറേകല്ലട : പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കോതപുരം വാർഡിനോട് ചേർന്നുള്ള മൺറോത്തുരുത്ത് കിടപ്രം വടക്ക് വാർഡിൽ വാട്ടർ അതോിട്ടിയുടെ ലൈനിലൂടെവരുന്നത് ഉപ്പുകലർന്നതും മലിനവുമായ വെള്ളമെന്ന് പരാതി.
ഒരു മാസമായി ഇതേ വെള്ളമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കുടിക്കാനോ കുളിക്കാനോ പറ്റില്ല. വീട്ടാവശ്യത്തിനായി ദൂരെസ്ഥലങ്ങളിലേക്ക് വള്ളത്തിൽ പോയാണ് പ്രദേശവാസികൾ ശുദ്ധജലം ശേഖരിക്കുന്നത്. മൂന്നുവശവും വെള്ളക്കെട്ടായ ഈ പ്രദേശം വർഷങ്ങളായി വേലിയേറ്റ ഭീഷണി നേരിടുന്നുണ്ട്. വേലിയേറ്റ സമയം പൊട്ടിക്കിടക്കുന്ന കക്കൂസ് ടാങ്കുകളിൽ നിന്നും കന്നുകാലി തൊഴുത്തുകളിൽ നിന്നുമുള്ള മലിനജലം പൈപ്പ് ലൈനിൽ കടക്കുകയും പമ്പിംഗ് ആരംഭിക്കുമ്പോൾ ലൈനിലൂടെ കടന്നു വരുന്നുണ്ടെന്നും നാട്ടുകാർ സംശയിക്കുന്നു. ആരോഗ്യവകുപ്പും വാട്ടർ അതോറിട്ടിയും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഏതെങ്കിലും ഭാഗത്ത് ലൈനിൽ പൊട്ടലുണ്ടോ എന്നു പരിശോധിക്കുമെന്ന് വാട്ടർ അതോറിട്ടി അസി. എൻജിനീയർ ജെ. അജിത് കുമാർ പറഞ്ഞു.