കൊല്ലം: ആശ്രാമം മൈതാനത്ത് മാലിന്യം തുറസായ സ്ഥലത്ത് കത്തിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമ്പോഴും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. മാലിന്യപ്പുകയേറ്റ് മൈതാനിയിൽ വ്യായാമം നടത്തേണ്ട ഗതികേടിലാണ് നഗരവാസികൾ. ആരോഗ്യം സംരക്ഷിക്കാനെത്തുന്നവർ രോഗികളാവുന്ന അവസ്ഥ.
മൈതാനത്തിന്റെ ഭാഗമായ പൈതൃക വീഥിയിൽ ശില്പങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയതോടെ ഇവിടെ വിശ്രമിക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചു. ഇതോടെ മാലന്യവും കൂമ്പാരമായി. സന്ദർശകർ മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം പ്ളാസ്റ്റിക് കവറുകളും ഭക്ഷണ അവശിഷ്ടങ്ങളും മൈതാനത്ത് ഉപേക്ഷിച്ചു പോകുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ഇവടേക്ക് തള്ളുന്നു. മുനീശ്വരം കോവിൽ മുതൽ ജില്ലാ ആയുർവേദ ആശുപത്രി വരെ 300 മീറ്റർ ദൂരം മാലിന്യക്കൂമ്പാരമായിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുളള മാലിന്യങ്ങൾ അവർ തന്നെ മൈനാനത്തിന്റെ വിവിധ ഭാഗങ്ങളിലിട്ട് കത്തിക്കുന്നു. കൂടാതെ ശുചീകരണ തൊഴിലാളികളും മാലിന്യം തൂത്തു കൂട്ടി കത്തിക്കുന്നുണ്ട്. ഡി.ടി.പി.സിക്കാണ് മൈതാനത്തിന്റെ പരിപാലന ചുമതല.
ചാരം മൂടി പത്തിടങ്ങൾ
മൈതാനത്തിനു ചുറ്റും മാലിന്യം കത്തിച്ച ചാരം മൂടിക്കിടക്കുന്ന പത്തിടങ്ങളെങ്കിലും കാണാം. രാവിലെയും വൈകിട്ടും നൂറുകണക്കിന് ആളുകളാണ് ഇവിടെ നടക്കാനും വ്യായാമത്തിനുമായി എത്തുന്നത്. കൂടാതെ സന്ദർശകരായും നിരവധി പേർ എത്തുന്നു. ഇവർ പുക ശ്വസിക്കുക മാത്രമല്ല, കാറ്റടിച്ച് ദേഹത്ത് ചാരം വീഴുന്നതു സഹിക്കുകയും വേണം!