
മയ്യനാട്ട് സ്റ്റോപ്പ് അനുവദിക്കും
കൊല്ലം: നാഗർകോവിൽ- തിരുവനന്തപുരം സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ കൊല്ലം വരെ ദീർഘിപ്പിച്ച് ഇന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കന്യാകുമാരി- മുംബയ് സി.എസ്.ടി ജയന്തി ജനത എക്സ് പ്രസ്സിന്റെ സമയമാറ്റത്തെ തുടർന്ന്, കൊല്ലത്ത് ജോലിക്ക് എത്തിച്ചേരുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് നാഗർകോവിൽ-തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ കൊല്ലത്തേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യം റെയിൽവേയ്ക്ക് സമർപ്പിച്ചത്.
ട്രെയിനിന് മയ്യനാട്ട് സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. തുടർന്ന് റയിൽവേ ബോർഡ് ചെയർമാർ വി.കെ. ത്രിപാഠി, റയിൽവേ ബോർഡ് മെമ്പർ ഓപ്പറേഷൻസ് എസ്.കെ. മൊഹന്തി, എക്സിക്യുട്ടീവ് ഡയറക്ടർ കോച്ചിംഗ് ഉമേഷ് ബലോന്ത എന്നിവരെ ന്യൂഡൽഹിയിലെ റയിൽവേ ബോർഡ് ആസ്ഥാനത്ത് നേരിൽകണ്ട് ചർച്ച നടത്തുകയും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.കെ. അഗർവാൾ, പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ നീനു ഇട്ടിയറ, ശിവകുമാർ എന്നിവരുമായി ടെലിഫോണിൽ ചർച്ച നടത്തുകയും ചെയ്തു. മയ്യനാട്ട് സ്റ്റോപ്പ് അനുവദിക്കുമെന്ന് റയിൽവേ ബോർഡ് ചെയർമാൻ ഉറപ്പ് നൽകി.
രാവിലെ 8.20 ന് തിരുവനന്തപുരത്ത് നിന്നു തിരിക്കുന്ന ട്രെയിൻ 9.20 ന് പരവൂരിലും 10.25 ന് കൊല്ലത്തും എത്തിച്ചേരും. വൈകിട്ട് 3.25ന് കൊല്ലത്ത് നിന്നു തിരിച്ച് 3.37ന് പരവൂരിലും വൈകിട്ട് 5.10 ന് തിരുവനന്തപുരത്തും എത്തിച്ചേരും. കൊല്ലം, പരവൂർ, വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. രാവിലെ 10ന് മുമ്പ് ജോലിക്ക് ഹാജരാകേണ്ട ജീവനക്കാരുടെ കൂടി സൗകര്യം പരിഗണിച്ച് ട്രെയിൻ സമയം പുന:ക്രമീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.