ചാത്തന്നൂർ: പോളച്ചിറ പാടശേഖരത്ത് പുഞ്ചക്കൃഷിക്ക് തുടക്കമായി. സമയബന്ധിതമായി വിളവെടുക്കാൻ മൂപ്പ് കുറഞ്ഞ മനുരത്ന, ഭാഗ്യ തുടങ്ങിയ വിത്തുകളാണ് പാകിയത്.
പുഞ്ച സീസൺ വൈകിയെങ്കിലും കൃഷി ചെയ്യാൻ താത്പര്യമറിയിച്ച് വന്ന കർഷകരാണ് പാടത്ത് വിത തുടങ്ങിയത്. ഇതുവരെ കൃഷി ചെയ്യാതെ കിടന്നിരുന്ന 400 ഏക്കറോളം സ്ഥലത്ത് ഇത്തവണ നെൽകൃഷി ചെയ്യാമെന്നും പ്രതീക്ഷയുണ്ട്. പോളച്ചിറ തരിശ് രഹിതമാക്കി കൃഷിയോഗ്യമാക്കാൻ ചിറക്കര ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ചേർന്നാണ് കർഷകർക്ക് പിന്തുണ നൽകുന്നത്. വിതയുത്സവം കഴിഞ്ഞദിവസം രാവിലെ 10 ന് ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാ ദേവി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിസന്റ് ദേവദാസ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മിനിമോൾ ജോഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുദർശനൻപിള്ള, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സുജയ് കുമാർ, രജനീഷ്, സജീല, ജയകുമാർ, മേരി റോസ്, വിനിതാദിപു, കൃഷി ഓഫീസർ അഞ്ജു വിജയൻ, പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാർ, ഏലാ സമിതി പ്രസിഡന്റ് ഡി.സുധീന്ദ്ര ബാബു, കൺവീനർ കെ.മനോഹരൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ജെ. ഉണ്ണിക്കൃഷ്ണപിള്ള, പാടശേഖര സമിതിയംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.