11abhi3a
ചന്തമുക്കിലെ പൊതുയിടം നിലനിർത്തണമെന്ന ആവശ്യവുമായി പൊതിയിട സംരക്ഷണ സമിതി മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകുന്നു

കൊട്ടാരക്കര: പൊതുയിടങ്ങൾ നിലനിറുത്തുക എന്നത് ഇടതുമുന്നണിയുടെ നയമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ചന്തമുക്കിലെ പൊതു പാർക്കിംഗ് ഗ്രൗണ്ടിൽ നഗരസഭാ ഓഫീസ് സമുച്ചയം നിർമ്മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുയിട സംരക്ഷണ സമിതി നൽകിയ നിവേദനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചന്തമുക്കിലെ പൊതുയിടം നിലനിറുത്തണമെന്നു തന്നെയാണ് ആഗ്രഹം. എന്നാൽ ഓഫീസ് നിർമ്മാണത്തിന് വേറെ സ്ഥലം കിട്ടേണ്ടതുണ്ട്. പാർക്കിംഗ് ഗ്രൗണ്ട് നിലനിറുത്തണമെന്ന ആവശ്യത്തിനൊപ്പമാണ് താനെന്നും മന്ത്രി പറഞ്ഞു. ചന്തമുക്കിൽ ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതോടെ നഗരത്തിലെ പൊതു പരിപാടികൾ നടത്തുന്നതിനുള്ള ഏക ഇടം ഇല്ലാതാകുമെന്നും ഭാവിയിലുള്ള നഗര വികസനത്തെ ബാധിക്കുമെന്നും നിവേദനത്തിൽ പറയുന്നു. നഗരം കൂടുതൽ ഗതാഗത കുരുക്കിലാകും. ദേശീയപാത വികസനമുൾപ്പടെയുള്ളവ നടപ്പാകുമ്പോൾ ചന്തമുക്ക് കൂടുതൽ കുരുക്കിലാകുമെന്നും സമിതി ചെയർമാൻ സി.എസ്.മോഹൻദാസ്, കൺവീനർ വി.കെ.സന്തോഷ് കുമാർ, ജോ.കൺവീനർ എസ്.രാജശേഖരൻ നായർ എന്നിവർ നൽകിയ നിവേദനത്തിൽ പറയുന്നു.