kunnathoor
മൈനാഗപ്പള്ളി പഞ്ചായത്തിൽ ആരംഭിച്ച കനാൽ ശുചീകരണം

കുന്നത്തൂർ : കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുയാണ് ജനം. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മിക്കയിടങ്ങളും വേനലിൽ വരണ്ടുണങ്ങിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അതോടെ കുടിവെള്ളമെത്തിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

ഉടൻ വെള്ളമെത്തും

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 10 വാർഡുകളിലുമായി കെ.ഐ.പി കനാൽ ശുചിയാക്കുന്ന 14 പ്രവർത്തികൾ ആരംഭിച്ചു.നാല് ദിവസത്തിനുള്ളിൽ ശുചീകരണം പൂർത്തിയാക്കി എല്ലാ കനാലുകളും ജലമെത്തിക്കും.പല ഭാഗങ്ങളിലായി നിരവധി തൊഴിലാളികളുടെ സഹായത്തോടെ സമയബന്ധിതമായി പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം. കരൂർക്കടവ്-കണ്ണാങ്കര മുക്ക്,നെല്ലിക്കുന്നത്ത് മുക്ക് -പൊട്ടക്കണ്ണൻമുക്ക്,തോപ്പിൽ മുക്ക്, താഴെയിൽ മൂക്ക്,പാറപ്പുറം മുക്ക്, ആറ്റുപുറം, തോട്ടുമുഖത്ത് അവസാനിക്കുന്ന 14 കെ.ഐ.പി കനാലുകളുടെ നവീകരണമാണ് നടപ്പിലാക്കുന്നത്.

ഉദ്‌ഘാടനം

പഞ്ചായത്ത്‌തല ഉദ്‌ഘാടനം പ്രസിഡന്റ്‌ പി.എം സെയ്ത് നിർവഹിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സജു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ ലാലി ബാബു,മെമ്പർമാരായ മനാഫ്,റാബിയ, അഡ്വ.അനിത അനീഷ്,രജനി സുനിൽ, വർഗീസ് തരകൻ,രാധിക ഓമനക്കുട്ടൻ,ബിജികുമാരി എന്നിവർ സംസാരിച്ചു.