
കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിലെ പ്രതികൾക്ക് കുറ്റപത്രം പെൻഡ്രൈവിലൂടെ നൽകാൻ പരവൂർ മജിസ്‌ട്രേറ്റ് കോടതി ജനുവരി 20ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തത വരുത്തി, പ്രതികൾക്ക് സൗജന്യമായി കൊടുക്കേണ്ട പകർപ്പുകളുടെ എണ്ണം നിജപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ കഴിയുന്നിടത്തോളം പേപ്പർ കോപ്പികൾ ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് സബാ ഉസ്മാൻ നിർദേശിച്ചിരുന്നു.
എഫ്.ഐ.ആർ എട്ട് പേജ്, സാക്ഷിമൊഴികൾ 2394 പേജ്, മജിസ്‌ട്രേറ്റ് മുമ്പാകെയുള്ള മൊഴികൾ 58 പേജ്, പൊലീസ് റിപ്പോർട്ട് 553 പേജ്, പരിക്ക് സർട്ടിഫിക്കറ്റുകൾ 656 പേജ്, പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ് 354 പേജ് എന്നിവ നൽകാനേ പ്രോസിക്യൂഷന് നിയമപരമായ ബാദ്ധ്യത ഉള്ളുവെന്നും 4022 പേജ് വച്ച് 2,09,144 പേജുകൾ ഹാജരാക്കാൻ തയ്യാറാണെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി രവീന്ദ്രൻ ഹർജിയിൽ ബോധിപ്പിച്ചു.
ക്രിമിനൽ നടപടി ചട്ടം 207 (5) ന്റെ വിശദീകരണത്തിൽ കേസ് രേഖകൾ ബാഹുല്യം ഉള്ളതാണെങ്കിൽ പ്രതികൾക്ക് പകർപ്പ് കൊടുക്കുന്നതിനു പകരം പ്രതികൾക്ക് നേരിട്ടോ അഭിഭാഷകർ മുഖേനയോ കോടതി ഓഫീസിൽ വച്ച് രേഖകൾ പരിശോധിക്കാൻ അവസരമൊരുക്കണമെന്നാണു ചട്ടം എന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് സൗജന്യമായി കൊടുക്കേണ്ട രേഖകൾ കോടതി തിട്ടപ്പെടുത്തി പകർപ്പുകൾ കൊടുക്കാൻ വേണ്ട സംവിധാനം ഒരുക്കാൻ സർക്കാരിനെ ക്രൈംബ്രാഞ്ച് സമീപിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, അഭിഭാഷകരായ അഖിൽ മറ്റത്ത്, ധീരജ് ജെ. റൊസാരിയോ, വൈ.എസ്. അർജുൻ എന്നിവർ ഹാജരായി.