
കൊല്ലം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ്ടു പാസായവർക്ക് 25 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് പകരം യോഗ്യതാപരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മെഡിക്കൽ ലാബ് ടെക്നോളജി, റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി, റേഡിയോളജിക്കൽ ടെക്നോളജി, ഒഫ്താൽമിക് അസിസ്റ്റന്റ്, ഡെന്റൽ മെക്കാനിക്സ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തീഷ്യ ടെക്നോളജി, കാർഡിയോ വാസ്‌കുലാർ ടെക്നോളജി, ന്യൂറോടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്കോപിക് ടെക്നോളജി, ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്, റെസ് പിറേറ്ററി ടെക്നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലെ ഡിപ്പാർട്ട്മെന്റ് ടെക്നോളജി എന്നിവയാണ് കോഴ്‌സുകൾ.
ഫാർമസി കോഴ്സ് രണ്ടേകാൽ വർഷവും ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തീഷ്യ ടെക്നോളജി, എൻഡോസ്കോപിക് ടെക്നോളജി എന്നിവ രണ്ടര വർഷവും റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി കോഴ്സ് മൂന്നു വർഷവുമാണ്. മറ്റുള്ളവയ്ക്ക് രണ്ടു വർഷവുമാണ് പഠന കാലാവധി. ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികവിഷയമായി പ്ലസ്ടു ജയിച്ചവർക്കാണ് പ്രവേശനം. ഫാർമസി കോഴ്സിന് ബയോളജിക്ക് പകരം കണക്കും പരിഗണിക്കും. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി പഠിച്ചവരില്ലെങ്കിൽ മറ്റു വിഷയക്കാരെയും പരിഗണിക്കും. ഐച്ഛിക വിഷയങ്ങൾക്ക് 40 ശതമാനം മാർക്ക് വേണം. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിനൊഴികെ വി.എച്ച്.എസിക്കാർക്കും അപേക്ഷിക്കാം.
വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്സുകൾക്ക് പൊതുവായി ഒറ്റ അപേക്ഷ മതി. ജനറൽ അപേക്ഷകരും സർവീസ് ക്വാട്ടയിലുള്ളവരും 400 രൂപ അപേക്ഷാഫീസ് നൽകണം, പട്ടികവിഭാഗക്കാർക്ക് 200 രൂപ. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഫീസ് ഓൺലൈനായി അടച്ച് സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
പ്രായപരിധി: സർവീസ് ക്വാട്ടയിലുള്ളവരൊഴികെ എല്ലാവർക്കും 2021 ഡിസംബർ 31ന് 17 വയസ്, 35 കവിയരുത്. നോമിനികൾ, വി.എച്ച്.എസ്, സാനിട്ടറി ഇൻസ്പെക്ടർ, സ്പോർട്സ്, വിമുക്തഭടർ മുതലായവർക്ക് ഏതാനും സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. സെലക്ഷനും അലോട്ട്മെന്റും ഓൺലൈൻ വഴിയാണ്.