t

കൊല്ലം: കോർപ്പറേഷന്റെ ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനി സ്ഥാപി​ച്ച തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും കൂട്ടത്തോടെ മിഴിയടച്ചു. ഇതോടെ ഇരവിപുരം മേഖലയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഇരുട്ടിലായി​. കരാർ നടപടികൾ കോർപ്പറേഷൻ റദ്ദാക്കാൻ തുടങ്ങി​യ സാഹചര്യത്തിൽ അറ്റകുറ്റപ്പണിക്ക് തയ്യാറല്ലെന്ന നിലപാടിലാണ് സ്വകാര്യ കമ്പനി. ഇതേ നിലപാടിൽ തന്നെയാണ് കോർപ്പറേഷനും.

രണ്ടരവർഷം മുൻപ് ഇരവിപുരം, ആക്കോലിൽ, വാളത്തുംഗൽ തെക്കുംഭാഗം ഡിവിഷനുകളിലായി 800 എൽ.ഇ.ഡി ലൈറ്റുകളാണ് സ്വകാര്യ കമ്പനി മാറ്റി സ്ഥാപിച്ചത്. ഇതിൽ പകുതിയോളം ഒന്നരവർഷമായി തെളി​യുന്നി​ല്ല. കൂടുതലും ഇരവിപുരം, തെക്കുംഭാഗം ഡിവിഷനുകളിലെ ലൈറ്റുകളാണ് അണഞ്ഞത്. കത്തുന്നവയ്ക്ക് പ്രകാശം കുറവെന്ന പരാതിയുമുണ്ട്. ഇവിടത്തെ പോസ്റ്റുകളിൽ നേരത്തെയുണ്ടായിരുന്ന ഫ്ലൂറസന്റ് ലാമ്പുകൾ മാറ്റിയാണ് എൽ.ഇ.ഡി ഇട്ടത്. ഊരിയെടുത്ത ഫ്ലൂറസെന്റ് ലാമ്പുകളെങ്കിലും തിരികെ ഇടണമെന്ന പ്രദേശവാസികളുടെ ആവശ്യവും നഗരസഭ പരിഗണിക്കുന്നില്ല.

 മാറ്റത്തിൽ തെറ്റി

നഗരത്തിലെ തെരുവ് വിളക്കുകളെല്ലാം എൽ.ഇ.ഡിയാക്കാൻ ഇ-സ്മാർട്ട് എന്ന കമ്പനിയുമായി നഗരസഭ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരവിപുരം മേഖലയിൽ പൈലറ്റ് പ്രോജക്ടായി ലൈറ്റുകൾ മാറ്റി സ്ഥാപിച്ചത്. കരാർ വ്യവസ്ഥകളിൽ സ്വകാര്യ കമ്പനി മാറ്റം വരുത്തിയെന്ന ആരോപണം ഉയർന്നതോടെ കരാർ റദ്ദാക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. പകരം സമ്പൂർണ എൽ.ഇ.ഡി വത്കരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതി നടപ്പാക്കാനായിരുന്നു ആലോചന. എന്നാൽ നിലാവ് പദ്ധതിയും ഇപ്പോൾ പ്രതിസന്ധിയിലാണ്.

തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതി പരിഹരിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്

വി.എസ്. പ്രിയദർശൻ, കൗൺസിലർ, ഇരവിപുരം