കരുനാഗപ്പള്ളി: കേര കർഷകരെ സഹായിക്കാനായി പച്ചത്തേങ്ങാ സംഭരണം സർക്കാർ കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൃഷി വകുപ്പിന്റെ മാനദണ്ഡങ്ങളിൽ കുടുങ്ങി പച്ചത്തേങ്ങാ സംഭരണം നിലവിൽ വഴിമുട്ടി നിൽക്കുകയാണ്. 8 വർഷങ്ങൾക്ക് മുമ്പ് കൃഷി വകുപ്പ് നടപ്പാക്കിയ പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കണമെന്ന ആവശ്യമാണ് കർഷകരുടെ ഇടയിൽ ശക്തമാകുന്നത്.
കുടുംബശ്രീ യൂണിറ്രുകൾക്കും ഉപകാരം
കേരകർഷകരുടെ പക്കൽ നിന്ന് കൃഷി വകുപ്പ് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കുന്ന രീതി കർഷകർക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. കൃഷി വകുപ്പ് സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രാ ആക്കുന്നതിനായി അംഗീകൃത കുടുംബശ്രീ യൂണിറ്രുകൾക്കാണ് നൽകിയിരുന്നത്. കുടുംബശ്രീ യൂണിറ്റുകൾ തേങ്ങ പൊട്ടിച്ച് ഉണക്കി കൊപ്രാ ആക്കി കേരഫെഡിന് നൽകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. പച്ചത്തേങ്ങ സംഭരിക്കുമ്പോൾ തന്നെ കർഷകന് പണം കിട്ടിയിരുന്നു. പച്ചത്തേങ്ങ കൊപ്ര ആക്കി മാറ്റുമ്പോൾ കുടുംബശ്രീ യൂണിറ്റുകൾക്ക് കൂലിയും സൗജന്യമായി ചിരട്ടയും ലഭിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ജോലിയാണ് കുടുംബശ്രീ യൂണിറ്രുകൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇതെല്ലാം കാലക്രമേണ നിലച്ച് പോകുകയായിരുന്നു.
ഗുണമേന്മയുള്ള ആദിനാട് തെങ്ങുകൾ
കേരഫെഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ കൊപ്ര ഓണാട്ടുകരയിൽ നിന്ന് സംഭരിക്കാൻ കഴിയുമെന്നാണ് ഈ മേഖലയുമായി ബന്ധമുള്ളവർ പറയുന്നത്. കേരളത്തിൽ ഏറ്റവും നല്ല തെങ്ങുകൾ ഉള്ളത് കുലശേഖരപുരത്താണ്. ഇവിടെയുള്ള ആദിനാട് തെങ്ങുകളിൽ നിന്ന് ലഭിക്കുന്ന തേങ്ങായ്ക്ക് ഗുണനിലവാരവും കൂടുതലാണ്. ഓണാട്ട് കരയിലെ കൊപ്ര ആട്ടിയാൽ ക്വിന്റൽ ഒന്നിന് 70 കിലോഗ്രാം എണ്ണ ലഭിക്കും. തമിഴ് നാട്ടിൽ നിന്ന് കൊണ്ട് വരുന്ന കൊപ്ര ആട്ടിയാൽ 45 കിലോഗ്രാം എണ്ണയേ കിട്ടുകയുള്ളു. ആദിനാട് തേങ്ങ ആട്ടിയാൽ 80 കിലോഗ്രാം വെളിച്ചെണ്ണ വരെ ലഭിക്കുമെന്നാണ് കൊപ്ര മുതലാളിമാർ പറയുന്നുത്.
ഒരു കോടിയിലധികം തേങ്ങ
കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ പരിധിയിൽ 5 ലക്ഷത്തോളം തേങ്ങുകൾ ഉണ്ടെന്നാണ് കണാക്കുന്നത്. ഇതിൽ 90000 ത്തോളം തെങ്ങുകളുള്ള തഴവാ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തും 80000ത്തോളം തെങ്ങുകളുള്ള കുലശേഖരപുരം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തുമാണ്. ആലപ്പാട്ട് ഗ്രാമപഞ്ചായത്താണ് ഏറ്റവും പിന്നിലുള്ളത്. ഈ തെങ്ങുകളിൽ നിന്നു മാത്രമായി രണ്ട് മാസം കൂടുമ്പോൾ ഒരു കോടിയിലധികം തേങ്ങ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിന്റെ ഭാഗമായ ചവറ അസംബ്ളി മണ്ഡലത്തിൽ നിന്നു കൂടി പച്ചത്തേങ്ങ സംഭരിച്ച് തുടങ്ങിയാൽ കേരഫെഡ് ഫാക്ടറിയുടെ പ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ തേങ്ങയും കണ്ടെത്താൻ കഴിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ വന്നാൽ കേരകർഷകർ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതി വരുത്താനും കുടുംബശ്രീ അംഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.