haritha

കൊല്ലം: ഏകീകൃത സംവിധാനത്തിലൂടെ ശുചിത്വ, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തി അടിസ്ഥാന ന്യൂനതകൾ പരിഹരിച്ച് ഹരിതകേരളം സാദ്ധ്യമാക്കാനായി 'ഹരിതമിത്രം' സ്മാർട്ട് ഗാർബേജ് മാനേജ്‌മെന്റ് സിസ്​റ്റം രൂപീകരിക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ, പ്രായോഗിക തലത്തിലെ ന്യൂനതകൾ, ഓരോ തലങ്ങളിലെയും ഭൗതിക സാമ്പത്തിക നേട്ടങ്ങൾ, അവയുടെ പുരോഗതി എന്നിവ വാർഡ്തലം മുതൽ സംസ്ഥാനതലം വരെ നിരീക്ഷിക്കാനായി മൊബൈൽ ആപ്പ് എന്ന തരത്തിലാണ് സംവിധാനം നടപ്പാക്കുന്നത്. മാർച്ചിൽ ഹരിതമിത്രം മൊബൈൽ ആപ്പ് ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിൽ ലഭ്യമാക്കും. അടുത്ത സാമ്പത്തിക വർഷം ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ആപ്പിന്റെ സേവനമുണ്ടാവും.

 ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവ സംയുക്തമായി കെൽട്രോണിന്റെ സഹായത്തോടെ രൂപീകരിച്ച സംവിധാനം

 മാലിന്യവുമായി ബന്ധപ്പെട്ട് വീടുകൾ, കടകൾ, ആശുപത്രികൾ, ഓഡി​റ്റോറിയങ്ങൾ, ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവ തരംതിരിച്ചുള്ള വിവരങ്ങൾ

 ഹരിതകർമ്മസേനയുടെ സേവനം, അനുബന്ധ പ്രവർത്തനങ്ങൾ, യൂസർഫീ ശേഖരണം, കലണ്ടർ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം എന്നിവയുടെ വിവരങ്ങൾ

 പരാതികൾ അറിയിക്കാനും ഫീസുകൾ അടയ്ക്കാനും കഴിയും

 മാലിന്യം അലക്ഷ്യമായും അപകടകരമായും വലിച്ചെറിയുന്നതും ഒഴുക്കിവിടുന്നതും കത്തിക്കുന്നതും തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാം

 പാഴ് വസ്തു ശേഖരണ കലണ്ടർ, വിവിധതരം മാലിന്യ സംസ്‌കരണ ഉപാധികൾ, അവയുടെ വിതരണം എന്നിവയിലെ പോരായ്മകൾ രേഖപ്പെടുത്താം

 മെ​റ്റീരിയൽ കളക്ഷൻ ഫെസിലി​റ്റി, മിനി മെ​റ്റീരിയൽ കളക്ഷൻ ഫെസിലി​റ്റി, റിസോഴ്‌സ് റിക്കവറി ഫെസിലി​റ്റി തുടങ്ങിയവ കണ്ടെത്താനുളള ലൊക്കേഷൻ മാപ്പ്

..........................

ഹരിതമിത്രം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസ് ജില്ലാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷൻമാർക്കും ഉപാദ്ധ്യക്ഷൻമാർക്കും ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാർക്കും ഉദ്യോഗസ്ഥർക്കും ഹരിതകർമ്മ സേന കൺസോർഷ്യം ഭാരവാഹികൾക്കും നൽകി. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഹരിതകർമ്മസേനയ്ക്കുമുളള വിപുലമായ പരിശീലനം വരും ദിവസങ്ങളിൽ നൽകും.


എസ്.ഐസക്ക്, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേ​റ്റർ