
വാട്ടർ അതോറിട്ടിക്കെതിരെ ജില്ലാ പഞ്ചായത്തിന്റെ വിമർശനം
കൊല്ലം: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ അറ്റകുറ്റപ്പണി നടത്താത്ത വാട്ടർ അതോറിട്ടിക്കെതിരെ ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിമർശനം. തങ്ങളുടെ അധീനതയിലുള്ള റോഡുകൾ അനുമതിയില്ലാതെ ഇനി വെട്ടിപ്പൊളിച്ചാൽ നിയമനടപടി സ്വീകരിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
വെട്ടിപ്പൊളിച്ചവയിൽ അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുമുണ്ട്. മുൻകൂട്ടി അനുമതി ചോദിച്ചിരുന്നെങ്കിൽ പൈപ്പിട്ടതിന് ശേഷമേ റോഡ് നവീകരണം ആരംഭിക്കുമായിരുന്നുള്ളു. ഒരുവർഷത്തോളമായി തകർന്നുകിടക്കുന്ന റോഡുകളുമുണ്ട്. ജൽ ജീവൻ മിഷന്റെ പൈപ്പിടാൻ വെട്ടിപ്പൊളിച്ച പഞ്ചായത്ത് റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ കാലതാമസം വരുത്തുന്നതായും വ്യാപക പരാതിയുണ്ട്.
വെട്ടിക്കുഴിച്ചത് (ബോക്സ്)
അമ്പതോളം റോഡുകൾ
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള അമ്പതിലേറെ റോഡുകളാണ് പൈപ്പിടാൻ വെട്ടിക്കുഴിച്ചിട്ടിരിക്കുന്നത്. റോഡ് വെട്ടിക്കുഴിക്കുമ്പോൾ അത് നന്നാക്കാനുള്ള പണം കെട്ടിവയ്ക്കണമെന്നാണ് ചട്ടം. ഗ്രാമ പഞ്ചായത്തുകളുടെ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാനുള്ള പണം വാട്ടർ അതോറിട്ടി കെട്ടിവച്ചിട്ടുണ്ട്. എന്നാൽ, ജില്ലാ പഞ്ചായത്ത് റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കുന്നതിനുള്ള പണം കെട്ടിവച്ചില്ലെന്ന് മാത്രമല്ല, അനുമതിയും വാങ്ങിയില്ല. നാട്ടുകാർ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെയാണ് റോഡുകൾ തകർന്നുകിടക്കുന്ന കാര്യം ജില്ലാപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും അറിയുന്നത്.