
കൊല്ലം: കെ.എസ്.ഇ.ബി ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച 'ഊർജ്ജം കരുതി വയ്ക്കാം നാളേയ്ക്ക് ' സമ്മാന പദ്ധതിക്ക് തുടക്കമായി. ഗാർഹിക, വ്യാവസായിക ഉപഭോക്താക്കൾക്ക് പങ്കെടുക്കാം. ഇലക്ട്രിക്കൽ സെക്ഷനുകളിലെ ഗാർഹിക ഉപഭോക്താക്കളുടെ ഫെബ്രുവരി മുതൽ മെയ് വരെയുള്ള ഉപഭോഗം കണക്കാക്കുകയും 2019-20ലെ സമാന കാലയളവിലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനത്തിലധികം കുറവ് വരുന്ന ആദ്യത്തെ അഞ്ച് ഉപഭോക്താക്കൾക്ക് എൽ.ഇ.ഡി ട്യൂബ് ലൈറ്റ് സമ്മാനമായി ലഭിക്കും. അടഞ്ഞു കിടക്കുന്ന വീടുകൾ പരിഗണിക്കില്ല.
വ്യാവസായിക ഉപഭോക്താക്കൾക്ക് അവരുടെ പരമാവധി ഉപഭോഗം രേഖപ്പെടുത്തുന്ന വൈകിട്ട് 6 മുതൽ 10 വരെയുള്ള സമയത്തെ ഉപഭോഗം കണക്കിലെടുത്ത് ജില്ലയിലെ പത്ത് പേർക്ക് ഊർജ്ജ സംരക്ഷണ അവാർഡ് നൽകും. വേനൽക്കാലങ്ങളിൽ വൈദ്യതി ഉപഭോഗം വർദ്ധിക്കുകയും അതിലൂടെ ഉയർന്ന നിരക്കിലുള്ള വൈദ്യുതി പുറത്തു നിന്നു വാങ്ങേണ്ടി വരികയും ചെയ്യുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ഇ.ബി പദ്ധതി ആവിഷ്‌കരിച്ചത്.