പുനലൂർ: വാഹനാപകടം പതിവായി മാറുന്ന പുനലൂർ-മടത്തറ മലയോര ഹൈവേയിൽ നീരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് പുനലൂരിൽ ചേർന്ന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ രൂപികരിച്ച കോൺസ്റ്റിറ്റ്യൂൻസി മോണിറ്ററിംഗ് യോഗത്തിൽ പി.എസ്.സുപാൽ എം.എൽ.എ നിർദ്ദേശം നൽകി. കൊല്ലം-തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂരിന് സമീപത്തെ വാളക്കോട് മോൽപ്പാലം, കഴുതുരുട്ടി കോഫി എസ്റ്റേറ്റ് റോഡ്,ചെങ്കുളം പാലം,എക്സൈസ് കാംപ്ലസ് മന്ദിരം,താലൂക്ക്ആശുപത്രി തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തികൾക്കുള്ള ഫണ്ട് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം. ഇത് കൂടാതെ ഏരൂർ -പാണയം, വിളക്കുപാറ-മണലിൽ, ചന്തമുക്ക്-ശബരിഗിരി തുടങ്ങിയ റോഡുകളുടെ റീ ടെണ്ടർ നടപടികൾ വേഗത്തിലാക്കാൻ മോണിറ്ററിംഗ് സമിതിയിലെ കോ-ഓഡിനേറ്ററെ എം.എൽ.എ ചുമതലപ്പെടുത്തി. തുടർന്ന് മണ്ഡലത്തിലെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടന്നു. പൊതുമരാമത്ത്ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ താര, അസി.എക്സിക്യൂട്ടീവ് എൻജിനീയർ, എസി.എൻജിനിയർ തുടങ്ങിയ നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.