 
കൊല്ലം : ഇല്ലായ്മകളുടെ ദുരിതമറിഞ്ഞ മന്ത്രി നേരിട്ട് ഇടപെട്ടു. സിന്ധുവിന്റെ കുടുംബത്തിന് എ.എ.വൈ റേഷൻകാർഡായി. കടയ്ക്കൽ ചരിപ്പറമ്പ് തോട്ടിൻകര പുത്തൻവീട്ടിൽ സിന്ധുവിന്റെ ദുരിതാവസ്ഥകൾ ആരോ മന്ത്രി ജി.ആർ.അനിലിനെ ഫോണിൽ അറിയിച്ചു. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് സപ്ളൈ ഓഫീസറോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. രോഗത്തിന്റെ അവശതകളുള്ള അച്ഛനൊപ്പമായിരുന്നു സിന്ധുവിന്റെ താമസം. പ്രവർത്തനമില്ലാത്ത പാറമടയ്ക്ക് സമീപത്തെ ചെറിയ വീട്ടിൽ തീർത്തും ദാരിദ്ര്യമായിരുന്നു. സിന്ധു തൊഴിലുറപ്പ് ജോലിയ്ക്ക് പോയി ലഭിക്കുന്ന തുശ്ചമായ വരുമാനത്തിലാണ് വീട് കഴിഞ്ഞുവന്നത്. ഈ വിവരങ്ങൾ കാട്ടി സപ്ളൈ ഓഫീസർ റിപ്പോർട്ട് നൽകിയതോടെ അടിയന്തരമായി അന്ത്യോദയ അന്നയോജന വിഭാഗം റേഷൻകാർഡ് നൽകാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ രാവിലെ സിന്ധുവിന്റെ വീട്ടിലെത്തിയ സപ്ളൈ ഓഫീസർ ജോൺ തോമസ് എ.എ.വൈ റേഷൻ കാർഡ് സിന്ധുവിന് കൈമാറി. റേഷനിംഗ് ഇൻസ്പക്ടർമാരായ നസീല ബീഗം, സബീന എന്നിവരും കൂടെയുണ്ടായിരുന്നു. ഇനിമുതൽ മാസം 30 കിലോ അരിയും 5 കിലോ ഗോതമ്പും സിന്ധുവിന് ലഭിക്കും. ചികിത്സാ സംവിധാനങ്ങളും സൗജന്യമാണ്.