
 രോഗികളുടെ പ്രതിദിന എണ്ണം പാതിയിലേറെ ഇടിഞ്ഞു
കൊല്ലം: ജില്ലയിൽ ഒരു മാസത്തോളം നീണ്ടുനിന്ന ആശങ്കകൾക്ക് വിരാമമിട്ട് കൊവിഡ് വ്യാപനം കുത്തനെ ഇടിഞ്ഞു. പ്രതിദിനം ശരാശരി 4,500 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് പകുതിയിൽ താഴെ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. പാരിപ്പള്ളി മെഡി. ആശുപത്രി ഒഴികെ ബാക്കിയുള്ളയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ട്.
കഴിഞ്ഞവർഷം പകുതി ആയപ്പോഴേക്കും ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം ഇരുന്നൂറിനു താഴെ എത്തിയിരുന്നു. ഈ വർഷം ജനുവരി ആദ്യമാണ് രോഗബാധിതരുടെ എണ്ണം ഉയർന്നുതുടങ്ങിയത്. ജനുവരി പകുതിയോടെ രോഗവ്യാപനം രൂക്ഷമായി. ഒരാഴ്ചയ്ക്കിടയിലാണ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടുതുടങ്ങിയത്. രണ്ടാഴ്ചക്കുള്ളിൽ വ്യാപനത്തോത് വീണ്ടും കുറയുമെന്നാണ് ജില്ലയിലെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണം.
സി.എഫ്.എൽ.ടി.സികൾ, സി.എസ്.എൽ.ടി.സികൾ, ജില്ല ആശുപത്രി എന്നിവിടങ്ങളിൽ പുതുതായി പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഗുരുതര ലക്ഷണമുള്ളവരെ കൂട്ടത്തോടെ എത്തിക്കുന്നതിനാലാണ് പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിക്കാത്തത്.
# കൊവിഡ് സ്ഥിരീകരണം
 2021 ഡിസംബർ 31: 144
 2022 ജനുവരി 10: 311
 ജനുവരി 20: 3002
 ജനുവരി 30: 3836
 ഫെബ്രുവരി 11: 1696
.............................
 ജില്ലയിൽ ആകെ കൊവിഡ് ബാധിച്ചവർ: 4,93,911
 നിലവിൽ ചികിത്സയിലുള്ളവർ: 22,161
 രോഗമുക്തർ: 4,65,978
 മരണം: 5714