 
ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് മോട്ടോർകുന്ന് വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെരുവൻതോട് കുടുംബാരോഗ്യ കേന്ദ്രത്തിന് (ഹെൽത്ത് സബ് സെന്റർ) പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി കണ്ടെത്തി ജനകീയകൂട്ടായ്മയിൽ വാങ്ങി നൽകി. മോട്ടോർകുന്ന് വാർഡ് മെമ്പർ എസ് .എം.സമീനയും പഞ്ചായത്ത് പ്രസിഡന്റ് എം .അൻസറും ചേർന്ന് വസ്തുവിന്റെ പ്രമാണം പഞ്ചായത്ത് സെക്രട്ടറി ബി.എസ്.ഷൈനിക്ക് കൈമാറി. നാട്ടിലെ സുമനസുകളുടെ സഹായത്താൽ ചെറുതും വലുതുമായ സംഭാവനകൾ സ്വരൂപിച്ചാണ് കെട്ടിടത്തിനാവശ്യമായ 7 സെന്റ് ഭൂമി 450000 രൂപയ്ക്ക് വാങ്ങിയത്. ഉടൻ തന്നെ പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു. റോഡുവിള വാർഡ് മെമ്പർ ജസീന ജമീൽ, സബ് സെന്റർ ധനസമാഹരണ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സമദ്, അബ്ദുൽ സലാം, അമീർകണ്ണ്, മുഹമ്മദ് സുഹൈൽ,ഫവാസ് ,നൗഫൽ, സഫർ എന്നിവരുടെ ചടങ്ങിൽ പങ്കെടുത്തു.