ചാത്തന്നൂർ: ഉപയോഗ യോഗ്യമായിരുന്ന ശൗചാലയം പൊളിച്ചുനീക്കി ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചിത്വമിഷനും ചാത്തന്നൂർ ഗ്രാമപഞ്ചായത്തും ചേർന്ന് ടേക് എ ബ്രേക്ക് പദ്ധതിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പുതിയ ശൗചാലയവും വഴിയാധാരമായി.
മുൻ എം.പി പി. രാജേന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യം ശൗചാലയം നിർമ്മിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ എട്ടെണ്ണം ഉണ്ടായിരുന്നു. ഇവ പൊളിച്ചു മാറ്റിയാണ് മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി വഴിയോര വിശ്രമകേന്ദ്രവും പൊതുശൗചാലയവും ശുചിത്വ മിഷനുമായി ചേർന്നു നിർമ്മിച്ചത്. പുതിയ ശൗചാലയം തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഡിപ്പോയിൽ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ വല്ലാത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. 14 ലക്ഷം ചെലവഴിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ വെള്ളവും വൈദ്യുതിയും ലഭിക്കുന്നതിനു മുമ്പുതന്നെ കഴിഞ്ഞ വർഷം മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചിരുന്നു. പക്ഷേ, ഇത്ര നാളായിട്ടും ഇതുരണ്ടും ലഭ്യമാക്കാൻ അധികൃതർ തയ്യാറാവുന്നില്ല.
പഞ്ചായത്തുമായി തർക്കം
സ്പോൺസർമാരെ കണ്ടെത്തി കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ആധുനികരീതിയിലുള്ള ശൗചാലയം നിർമ്മിക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. ശൗചാലയത്തിന്റെ മാതൃകയും ഇതോടൊപ്പം ഡിപ്പോ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ ഡിപ്പോയ്ക്ക് നൽകിയ മാതൃകയിൽ അല്ല ശൗചാലയങ്ങൾ പഞ്ചായത്ത് നിർമ്മിച്ചത്. അതുകൊണ്ടാണ് ഡിപ്പോയിൽ നിന്ന് വെള്ളവും വൈദ്യുതിയും നൽകാത്തതത്രെ. പഞ്ചായത്തും ഡിപ്പോയും തമ്മിലുള്ള തർക്കവും രൂക്ഷമായിട്ടുണ്ട്.