lock
സി​.പി​.എമ്മുകാർ പൂട്ടി​യ പഞ്ചായത്ത് ഓഫീസ് വാതി​ൽ

കൊല്ലം: മൺറോത്തുരുത്ത് പഞ്ചായത്ത് ഓഫീസ് സി.പി.എം പ്രവർത്തകർ താഴിട്ടു പൂട്ടി. ഓഫീസ് തുറക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റിന്റെ നേതൃത്വത്തി​ൽ നടത്തി​യ കുത്തിയിരി​പ്പ് സമരം രാത്രി ഒമ്പതര വരെ നീണ്ടതോടെ പൊലീസ് ഇടപെട്ട് പൂട്ട് തകർത്തു. കോൺഗ്രസ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന പേഴുംതുരുത്തു വാർഡിലെ ആശാ പ്രവർത്തക നിയമനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.

പേഴുംതുരുത്തു വാർഡിലെ ആശ പ്രവർത്തകയാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റായിട്ടും ആശ സ്ഥാനം ഒഴിഞ്ഞില്ല. ഇതിനെതിരെ സി.പി എം സമരത്തിലായിരുന്നു. ഇതി​നി​ടെ, ആശ പ്രവർത്തകർ ഇല്ലാത്ത വാർഡുകളിൽ എത്രയും വേഗം ഇവരെ നിയമിക്കണമെന്ന് അടുത്തിടെ സർക്കാർ ഉത്തരവി​റക്കി​യി​രുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമി​തി​ യോഗത്തിൽ ആശ പ്രവർത്തക സ്ഥാനം ഒഴിഞ്ഞതായി പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പേഴുംതുരുത്തു വാർഡിൽ പുതിയ ആശയെ നിയോഗിക്കേണ്ടെന്നും തൊട്ടടുത്ത വാർഡിലെ ആശയ്ക്ക് ചുമതല നൽകിയാൽ മതിയെന്നും പഞ്ചായത്ത് പ്രസി​ഡന്റ് പറഞ്ഞു. ഇതിനെ കോൺഗ്രസ് അംഗങ്ങളും ബി.ജെ.പി പ്രതിനിധികളും അനുകൂലിച്ചു. എൽ.ഡി.എഫിന് ഭൂരിപക്ഷമില്ലാത്തതിനാൽ പുതിയ ആശ പ്രവർത്തകയെ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതോടെ എൽ.ഡി.എഫ് അംഗങ്ങൾ ധർണ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിൽ നിന്നും പോവുകയും ചെയ്തു.

സമരം തുടരുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ സി.പി എം പ്രവർത്തകർ പ്രസിഡന്റിന്റെ ഓഫീസ് മറ്റൊരു താഴിട്ട് പൂട്ടി​. ഈ സമയം വേറൊരു ചടങ്ങിൽ പങ്കെടുത്ത ശേഷം പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിലേക്ക് മടങ്ങിയെത്തി. ഓഫീസ് തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സി.പി.എം പ്രവർത്തകർ തയ്യാറായില്ല. ഇതോടെ സ്ഥലത്ത് എൽ.ഡി.എഫ്, യു.ഡി എഫ് പ്രവർത്തകർ സംഘടിച്ചു. കിഴക്കേകല്ലട പൊലീസ് സ്ഥലത്തെത്തി എൽ.ഡി.എഫ് പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും പൂട്ടു തുറന്നു നൽകാൻ തയ്യാറായില്ല. രാത്രി ഒമ്പതുമണിയോടെ എൽ.ഡി.എഫുകാർ സ്ഥലത്തു നിന്നു പിൻവാങ്ങിയതോടെ പൊലീസ് പൂട്ട് തകർത്തു. ഇതോടെ പ്രസിഡന്റ് അകത്തുകയറി ബാഗെടുത്തു. പിന്നീട് ഓഫീസി​ന്റെ താഴിട്ടു പൂട്ടുകയായിരുന്നു