payer
പയറിന്റെ തൊലി വേർപ്പെടുത്തി ഉയർന്ന നിലവാരമുള്ളതാക്കാൻ ഉപയോഗിക്കുന്ന മിനി ഡ്രയർ മില്ല്

 പയർ വർഗങ്ങളിൽ നൂറുമേനി

കൊല്ലം: നെൽകൃഷി വിളവെടുപ്പിനു ശേഷം പാടം വെറുതെയിടാതെ പയർ വർഗങ്ങൾ കൃഷിചെയ്ത് (നെല്ലും നെല്ലും പയറും) ഭക്ഷ്യ സുരക്ഷയും പോഷക സുരക്ഷയും മണ്ണിന്റെ ആരോഗ്യവും ഉറപ്പാക്കി​ കൊല്ലത്തെ കർഷകർ മാതൃക സൃഷ്ടിക്കുന്നു. വർഷം രണ്ടു നെൽകൃഷിക്കു ശേഷമാണ് വയലുകളിൽ പയർവർഗങ്ങൾ ഇറക്കുന്നത്. വാഴ, മരച്ചീനി, തെങ്ങ് ഇവയുടെ ഇടവിളയായും വിവിധയിനം പയറുകൾ കൃഷി ചെയ്യുന്നുണ്ട്.

കേന്ദ്ര സർക്കാർ ഇന്ത്യയൊട്ടാകെ നടപ്പാക്കിയ, പയർ വർഗങ്ങളുടെ ക്ളസ്റ്റർ മുൻനിര പ്രദർശന പദ്ധതിയുടെ ഭാഗമായി.കൊട്ടാരക്കര സദാനന്ദപുരത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) തയ്യാറാക്കി നൽകിയ പദ്ധതി സംസ്ഥാന കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുകയായിരുന്നു. കെ.വി.കെ അസി. പ്രൊഫ. ഡോ. പൂർണി​മ യാദവിനായിരുന്നു പദ്ധതിയുടെ ചുമതല. ശാസ്താംകോട്ട ബ്ളോക്കിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ പ്രോട്ടീൻ പാർക്കുകൾ ആരംഭിച്ചുകൊണ്ടായിരുന്നു തുടക്കം. ശൂരനാട് നോർത്ത്, സൗത്ത്, മൈനാഗപ്പളളി, പടിഞ്ഞാറേ കല്ലട, ആനയടി, കടമാൻകോട്, നെടിയപാടം, പൂതക്കുളം, മൈലം, കുമ്മിൾ തുടങ്ങിയ പഞ്ചായത്തുകളിലെ കർഷകർ ശാസ്ത്രീയമായി​ ഇടവി​ള കൃഷി​ നടത്തുന്നുണ്ട്.

 ഉഴുന്നും തിളങ്ങി

120 ദിവസം വളർച്ച ദൈർഘ്യമുള്ളതും അത്യുത്പാദന ശേഷിയുള്ളതുമായ നെല്ലിനങ്ങളായ ശ്രേയസ്, പൗർണ്ണമി എന്നിവ

ഒന്നാം വിള ചെയ്തു. 90- 95 ദിവസം ദൈർഘ്യമുള്ള മനുരത്ന, പ്രത്യാശ നെല്ലിനങ്ങൾ രണ്ടാം വിളയാക്കി​. മൂന്നാം വിളവായി പയർവർഗത്തിൽപ്പെട്ട വൻപയർ (ഡി.സി 15), ഉഴുന്ന് (വമ്പൻ 8), ചെറുപയർ (സി.ഒ 8) എന്നീ ഇനങ്ങളും.

 വിളകളിലെ വൈവിദ്ധ്യം

2016- 20 കാലയളവിൽ 50 ഹെക്ടർ സ്ഥലത്ത് 278 കർഷകർ ഉഴുന്നും 33 ഹെക്ടറിൽ 243 കർഷകർ ചെറുപയറും 34 ഹെക്ടറിൽ 278 കർഷകർ വൻപയറും കൃഷി ചെയ്തു. ഒരു ഹെക്ടറിൽ നിന്ന് ഉഴുന്ന് 400 കിലോ, ചെറുപയർ 300 കിലോ, വൻപയർ 400-450 കിലോ എന്നിങ്ങനെയും വിളവ് ലഭിച്ചു. ശ്രേയസ് നെല്ലിനം 105 ഹെക്ടറിലും പൗർണ്ണമി 39 ഹെക്ടറിലും മനു രത്ന 97 ഹെക്ടറിലും കൃഷി ചെയ്തു.

..........................................

നെല്ല്, നെല്ല്, പയർ പദ്ധതി ജില്ലയിലെങ്ങും വ്യാപിപ്പിക്കും. ശാസ്താംകോട്ടയ്ക്കു പുറമേ ചിറ്റുമല ബ്ളോക്കിലെ 25 ഏക്കർ സ്ഥലത്ത് കഴിഞ്ഞ ദിവസം കൃഷി ആരംഭിച്ചു

ഡോ. ബിനി സാം, പ്രൊഫസർ ആൻഡ് പ്രോജക്ട് ഹെഡ്, കെ.വി.കെ