
കൊല്ലം: മൂന്നു പതിറ്റാണ്ടു മുമ്പ് നിലച്ചുപോയ കൊട്ടാരക്കര പെരുംകുളത്തെ പഴയ റേഡിയോ പാർക്ക് ന്യൂജൻ ആയി വീണ്ടും ശ്രോതാക്കളിലേക്കെത്തുന്നു. വിശാലമായ റേഡിയോ കിയോസ്കും ചുറ്റുകെട്ട് ഇരിപ്പിടങ്ങളും കളിസ്ഥലവുമൊക്കെയായി പ്രതാപം കാട്ടിയ കവലയുടെ പേരുതന്നെ റേഡിയോ ജംഗ്ഷനെന്നാണ്. തിരഞ്ഞെടുപ്പുകാലത്ത് ഇവിടെ എത്തിയാണ് രാഷ്ട്രീയക്കാരടക്കം വാർത്തകൾ അറിഞ്ഞിരുന്നത്. മൂന്ന് പതിറ്റാണ്ട് മുൻപ് റേഡിയോ നശിച്ചതോടെ പാർക്കിന്റെ പ്രവർത്തനം നിലച്ചു. പാർക്ക് നിന്നിടത്ത് കുളക്കട ഗ്രാമപഞ്ചായത്ത് ആരോഗ്യ ഉപകേന്ദ്രം നിർമ്മിച്ചു. ഉള്ള സ്ഥലത്ത് പഴയ രൂപത്തിൽത്തന്നെയാണ് പുതിയ കിയോസ്ക്.
 വരുന്നത് മിനി പതിപ്പ്
മൂന്ന് പതിറ്റാണ്ട് മുമ്പത്തെ അതേ മാതൃകയിലുള്ളതാണ് പുതിയ റേഡിയോ കിയോസ്ക്. അഞ്ചടി ഉയരമുള്ള ജി.ഐ പൈപ്പിലാണ് കിയോസ്ക്ക് ഉറപ്പിച്ചത്. മൂന്നടി നീളവും രണ്ടടി വീതിയുമുള്ള കിയോസ്ക് തകിടിലാണ്. റേഡിയോ അകത്ത് സ്ഥാപിച്ചു. ശബ്ദം കവലയിൽ നിറയാൻ രണ്ട് ബോക്സുകളുമുണ്ട്.
 നാട്ടുനന്മയിലേക്ക്..
സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമായി പെരുംകുളത്തെ പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ള ഒരു വർഷത്തെ ആഘോഷത്തിലാണ് റേഡിയോ പാർക്ക് തിരിച്ചെത്തിക്കാൻ ബാപ്പുജി സ്മാരക വായനശാല തീരുമാനിച്ചത്. അമ്പലപ്പുഴയിലേക്ക് താമസം മാറിയ വിമുക്തഭടൻ കാഞ്ഞിരക്കാട്ട് വീട്ടിൽ വാസുദേവൻ പിള്ളയും (71) വാളകം അണ്ടൂരിലേക്ക് മാറിയ റിട്ട.റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ തെക്കടത്ത് വീട്ടിൽ ഗോപിനാഥൻ പിള്ളയുമാണ് (65) കിയോസ്കിന്റെ ചെലവ് ഏറ്റെടുത്തത്.
ഇന്ന് വൈകിട്ട് അഞ്ചിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ റേഡിയോ കിയോസ്ക് നാടിന് സമർപ്പിക്കും.
'പുതിയ തലമുറയ്ക്ക് ഇവിടത്തെ റേഡിയോ പാർക്കിനെ പറ്റിയറിയില്ല. ഇതേപ്പറ്റി അവരെ ഓർമ്മപ്പെടുത്താനാണ് വായനശാല ശ്രമിക്കുന്നത്".
- പെരുംകുളം രാജീവ്,
പ്രസിഡന്റ്, ബാപ്പുജി സ്മാരക വായനശാല