
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ 18 സി സി.ടി.വി കാമറകളും കണ്ണടച്ചിട്ട് വർഷം ഒന്നാകുന്നു. കൊല്ലം- ചെങ്കോട്ട പാസഞ്ചർ ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലാതെ പോയത് കേസന്വേഷണത്തെ വലയ്ക്കുമ്പോഴാണ് ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനിലെ ഈ ദുരവസ്ഥ.
സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കാൻ റെയിൽവേയും റെയിൽവേ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സും കർശന നിർദേശം നൽകിയിട്ടും സുരക്ഷയിൽ പ്രധാന പങ്കുവഹിക്കേണ്ട സി.സി.ടി.വിയുടെ കാര്യത്തിൽ മാത്രം നടപടിയില്ല. സ്‌ത്രീ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. പക്ഷേ ക്രമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താൻ സ്റ്റേഷനിലും പരിസരങ്ങളിലും ഒരു സംവിധാനവുമില്ല.
തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും പ്രധാന സ്റ്റേഷനാണ് കൊല്ലം. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തമിഴ്നാടിനെ ബന്ധിപ്പിക്കുന്ന ചെങ്കോട്ട പാതകൾ എന്നിവ സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് കൊല്ലം സ്റ്റേഷൻ. മോഷണ സംഘങ്ങൾ കുടുതലായി ഉപയോഗിക്കുന്നതും കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ ദിനംപ്രതി പിടികൂടുന്നതുമായ സ്റ്റേഷനും കൊല്ലമാണ്. 7 പ്ലാറ്റ്‌ഫോമുകളുള്ള മേജർ സ്റ്റേഷൻ എന്ന നിലയിൽ കൊല്ലത്ത് കുറഞ്ഞത് 60 സി.സി.ടി.വി കാമറകളെങ്കിലും വേണം. 2017ൽ സ്ഥാപിച്ചതാവട്ടെ 18 എണ്ണം മാത്രം. ഇവയിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. നിർഭയ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കാമറകൾ ആർ.പി.എഫിന് കൈമാറിയിട്ടുമില്ല. അവ്യക്തമായ ചിത്രങ്ങളാണ് പതിയുന്നത്. ഇവ പലപ്പോഴും അന്വേഷണത്തെ സഹായിക്കുന്നുമില്ല.
സ്റ്റേഷനിൽ പുതിയ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സംരക്ഷണസേന തിരുവനന്തപുരം ഡിവിഷൻ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർക്കും സെക്യൂരിറ്റീസ് കമാണ്ടന്റിനും കത്തുകൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
തമ്പടിച്ച് ക്രിമിനലുകൾ
നാലു വശവും തുറന്നു കിടക്കുന്ന, ഒരു സുരക്ഷിതത്വവും ഇല്ലാത്ത ഇതേപോലെ ഒരു സ്റ്റേഷനും കേരളത്തിൽ ഉണ്ടാവില്ല. ആർക്കും ഒരു പരിശോധനയും ഇല്ലാതെ സ്റ്റേഷനുള്ളിൽ പ്രവേശിക്കാം. സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും താവളം കൂടിയാണ് സ്റ്റേഷൻ. രാത്രിയായാൽ പ്ലാറ്റ് ഫോമുകളിൽ പലേടത്തും വെളിച്ചമുണ്ടാകില്ല. ആൾപ്പാർപ്പില്ലാത്ത റെയിൽവേ ക്വാർട്ടേഴ്‌സും പരിസരവും കാടുപിടിച്ചുകിടക്കുന്ന അവസ്ഥയാണ്.
.................................................................
പ്രവർത്തിക്കാത്ത സി.സി.ടി.വി കാമറകൾ നീക്കി പകരം പുതിയവ
സ്ഥാപിച്ച് സ്റ്റേഷനിലെ സുരക്ഷിതത്വം ഉറപ്പാക്കണം
റെയിൽവേ പാസഞ്ചേഴ്സ് അസോ.